corona

കോഴിക്കോട്: ഐസ് ഒരതിയുടെ പുളിയും മധുരവുമെല്ലാം നുകർന്ന് സൊറ പറഞ്ഞ് ആളുകൾ ഉല്ലസിച്ചിരുന്ന കോഴിക്കോട് ബീച്ച് ഇപ്പോൾ നിശ്ചലമാണ്. തിരക്ക് കുറഞ്ഞതോടെ ബീച്ച് റോഡിൽ വാഹനങ്ങളും ഇല്ലാതായി. ആളും ആരവുമില്ലാത്ത ഇങ്ങനൊരു ബീച്ചനുഭവം കോഴിക്കോട്ടുകാരുടെ ഓർമ്മയിൽപ്പോലുമില്ല.

സുനാമി വന്നപ്പോളും ഇതിൽക്കൂടുതൽ ആളുകൾ ബീച്ചിലെത്തിയിരുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കിയതോടെയാണ് ബീച്ചുകളിൽ ആളനക്കമില്ലാതായത്. എങ്കിലും ഭീതി കുറഞ്ഞിട്ടില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളും ഇപ്പോൾ ഇങ്ങനെയാണ്. രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ പാർക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമടച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള ഭട്ട്‌റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന് -രണ്ട് ബീച്ച്, ബേപ്പൂർ ബീച്ച്, സരോവരം ബയോ പാർക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാൻഡ്ബാങ്ക്‌സ് ബീച്ച് എന്നിവയാണ് താത്കാലികമായി അടച്ചത്. ജില്ല കളക്ടറുടെ നിർദ്ദേശ പ്രകാരം മാനാഞ്ചിറ സ്‌ക്വയർ, സരോവരം പാർക്ക് എന്നിവയടച്ച് പൊലീസ് കാവലേർപ്പെടുത്തി. നഗരത്തിലും തിരക്കില്ലാതായി.

വിലക്കേർപ്പെടുത്തിയതോടെ ഇന്നലെ ബീച്ചിൽ ആളുകൾ എത്തിയില്ല. വിലക്കിനെ കുറിച്ചറിയാതെ എത്തിയവർ തിരിച്ചുപോയി. ഉന്തുവണ്ടി കച്ചവടക്കാരും ഇപ്പോഴില്ല. നിപ കാലം ഓർമിപ്പിക്കുന്ന വിധമാണ് കച്ചവട കേന്ദ്രങ്ങളിലെ ആളില്ലായ്മ. വിദേശത്തു നിന്ന് മടങ്ങിവരുന്ന രോഗലക്ഷണമുള്ളവരും ഇല്ലാത്തവരും വിമാനത്താവളത്തിൽ നിന്ന് സ്വന്തം വാഹനത്തിലോ സ്വകാര്യ വാഹനങ്ങളിലോ വീടുകളിൽ പോകണമെന്നും യാത്രയ്‌ക്കിടെ ഒരിടത്തും ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

 പുറത്തിറങ്ങിയത് ഇതരസംസ്ഥാനക്കാർ

നാലും അഞ്ചും പേരടങ്ങുന്ന സംഘമായി വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഞായറാഴ്ച നഗരത്തിലെ ആളനക്കമുണ്ടാക്കിയത്. റോഡുകളും കച്ചവട കേന്ദ്രങ്ങളുമെല്ലാം ശൂന്യമാണ്. മാളുകളിലും ആളനക്കമില്ല. ശൂന്യമായ മിഠായിത്തെരുവിൽ ചില തെരുവ് കച്ചവടക്കാർ മാത്രം.

 സഹകരിച്ച് ജനങ്ങൾ

നിയന്ത്രണങ്ങളോട് പൂർണമായ സഹകരണമാണ് ജനങ്ങൾ നൽകുന്നത്. ബീച്ചിൽ സന്ദർശകരെ പൂർണമായി വിലക്കിയ നടപടി ഗുണം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണമറിയാതെ വന്നവരെ പൊലീസ് തിരച്ചയച്ചു. വാഹന പാർക്കിംഗിനും നിയന്ത്രമുണ്ട്.

നിയന്ത്രണങ്ങൾക്ക് ലംഘിക്കുന്നത് തടയാൻ പൊലീസും കോസ്റ്റൽ വാർഡന്മാരും ബീച്ചിലുണ്ട്.