പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ എടക്കയിൽ കാക്കകൾ ചത്തു വീണത് നാട്ടുകാരെ ആശങ്കയിലാക്കി. എടക്കയിൽ പാമ്പിരിക്കുന്ന് സ്‌കൂളിന് സമീപം രമണീയത്തിൽ മണി, കിഴക്കെ ഈന്തൻ കണ്ടി ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിലാണ് ഇന്നലെ രാവിലെ കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുവണ്ണൂർ വെറ്ററിനറി സർജൻ ഡോ. എം. റസീന, ജൂനിയർ ഹെൽത്ത് ഇൻസ്‌പക്ടർ എൻ.എം. ഷാജി, അറ്റന്റർ ഇ.കെ. അസീസ് എന്നിവർ സ്ഥലത്തെത്തി. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി സാമ്പിൾ ശേഖരിച്ച ശേഷം കാക്കകളെ മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചു. അണുനശീകരണത്തിനായ് ബ്ലീച്ചിംഗ് പൗഡറും വിതറി.
ഒന്നരമാസം പ്രായമുള്ള രണ്ട് കാക്ക കുഞ്ഞുങ്ങളാണ് ചത്തത്. സാമ്പിൾ ജില്ല ലാബിലേക്ക് അയക്കും. അവിടെ നിന്ന് കണ്ണൂരിലെ ലാബിലെത്തിച്ച് പരിശോധിക്കും. അതിനു ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് വെറ്റിനറി സർജൻ പറഞ്ഞു.