kunnamangalam-news

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ ഓൺ ലൈനിലൂടെ പഠിപ്പിക്കുന്നു. കൊറോണയെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിലാണ് ഒരുകൂട്ടം അദ്ധ്യാപകർ ഓൺ ലൈൻ ക്ലാസുകൾക്ക് തുടക്കമിട്ടത്.

കോച്ചിംഗ് ക്യാമ്പുകൾ പോലും നിരോധിച്ചതിനാൽ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് എല്ലാ വിഷയങ്ങളുടെയും ക്ലാസുകൾ ഓൺലൈൻ വഴി ലഭിക്കും. ഓപ്പൺഔട്ട് മീഡിയയുടെ ബാനറിൽ യൂട്യൂബ് വഴിയാണ് ലൈവ് ക്ലാസ്റൂം ലഭ്യമാകുന്നത്.

ഓൺലൈൻ ക്ലാസുകളിലൂടെ പാഠ ഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നതായി രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. അദ്ധ്യാപകരായ സി.കെ. നിധിൻ, ജി.എസ്. രോഹിത്, എ.പി. മുഹമ്മദ് ജാബിർ, പി.കെ. അൻവർ എന്നിവരാണ് ഓൺ ലൈൻ ക്ലാസുകളുടെ അമരക്കാർ. വിദ്യാർത്ഥികളിൽ നിന്ന് നല്ല പ്രതികരണമാണ് ഓൺ ലൈൻ ക്ലാസുകൾക്ക് ലഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ ടി. പ്രകാശ് പറഞ്ഞു.