news

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാനായുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി 846 പേർ ഉൾപ്പെടെ ആകെ 2697 പേർ നിരീക്ഷണത്തിൽ. ഐസൊലേഷൻ വാർഡിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലു പേരും ബീച്ച് ആശുപത്രിയിൽ മൂന്നു പേരുമുണ്ട്. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 14 പേരേയും ബീച്ച് ആശുപത്രിയിൽ നിന്ന് ഒരാളെയും ഡിസ്ചാർജ്ജ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു.
നാലു സ്രവ സാമ്പിൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ആകെ 92 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 85 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചത് എല്ലാം നെഗറ്റീവാണ്. ഇനി ഏഴു പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

പ്രവാസികൾ സഹകരിക്കണം:

മന്ത്രി ടി.പി രാമകൃഷ്ണൻ

വിദേശങ്ങളിൽ നിന്ന് വരുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളിൽ പൂർണമായും പാലിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. നിയന്ത്രണങ്ങൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ജില്ലയിൽ പ്രവാസികളാണ് കൂടുതലും നിരീക്ഷണത്തിലുള്ളത്. നാട്ടിലെത്തുന്നവർ കർശനമായും 14 ദിവസം വീടുകളിൽ കഴിയണം. അവർക്ക് വേണ്ട സംരക്ഷണം നൽകും. നിർദേശങ്ങൾ പാലിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. അത് അനുവദിക്കാൻ കഴിയില്ല. അവർക്കെതിരെ കർശന നടപടിയെടുക്കും. എല്ലാവരും ഒത്തൊരുമിച്ച് നിന്നാൽ മാത്രമേ കൊറോണ വ്യാപനം തടയാനാവൂ.
ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ എന്നിവരും സംബന്ധിച്ചു.