corona-krala

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ കോഴിക്കോട് ജില്ലാ ജയിലിലും അതീവജാഗ്രതയോടെയുള്ള മുൻകരുതൽ. ഈയടുത്ത് വിദേശത്തു നിന്നെത്തിയ രണ്ടു പേരുൾപ്പെടെ മൂന്നു തടവുകാർ ഇവിടെ ഐസൊലേഷൻ സെല്ലിലാണ്. 12 തടവുകാർ പ്രത്യേക നിരീക്ഷണത്തിലും.

സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നായി എത്തിയ രണ്ടു പേരെയും പത്തനംതിട്ടയിൽ നിന്നുള്ള മറ്റൊരു തടവുകാരനെയുമാണ് വേവ്വേറെ സെല്ലുകളിലാക്കിയത്. ഇവരിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗം വ്യാപകമായ ഇടങ്ങളിൽ നിന്ന് എത്തിയവരെന്ന നിലയ്ക്ക് ജയിൽ അധികൃതർ പ്രത്യേക മുൻകരുതൽ കൈക്കൊള്ളുകയായിരുന്നു.

മൂവരെയും ജയിൽ ഡോക്ടർ ദിവസവും പരിശോധിക്കുന്നുണ്ട്. മറ്റു തടവുകാർക്കൊപ്പമല്ലാതെ ഇവർക്ക് ഭക്ഷണം പ്രത്യേകം നൽകുകയാണ്.

നിരീക്ഷണത്തിലുള്ള 12 തടവുകാർ നേരത്തെ ഇവിടെ കഴിയുന്നവരാണ്. അസുഖബാധിതരായതു കാരണം ഇവർക്ക് പ്രതിരോധശേഷി കുറവാണെന്നതിനാലാണ് പ്രത്യേക നിരീക്ഷണത്തിലാക്കിയത്. എല്ലാവരോടും സദാസമയം മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

മാസ്‌ക് നിർമ്മാണവും

സംസ്ഥാനത്ത് മാസ്‌ക് ക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ജയിലിൽ രണ്ടു മെഷിനുകളിലായി മൂന്ന് തടവുകാരെ മാസ്ക് നിർമ്മാണത്തിനായി നിയോഗിച്ചിരിക്കുകയാണ്.