കോഴിക്കോട്: രാഷ്ട്രീയവും മതവും ഫാൻഫൈറ്റുമെല്ലാം മറന്ന് കൊറോണയ്‌ക്കെതിരായ ബോധവത്കരണത്തിലാണ് സൈബർ പോരാളികൾ. കൊറോണ ഭീതി നിലനിൽക്കുന്നതിനിടെയാണ് സൈബർ ലോകം പ്രതിരോധ പ്രവർത്തനം ഏറ്റെടുത്തത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാദ്ധ്യമങ്ങളിലൂടെയാണ് സന്ദേശങ്ങളും ബോധവത്കരണവുമെല്ലാം നടക്കുന്നത്.
രാഷ്ട്രീയ, മത-സന്നദ്ധ സംഘടനകളുടേയും സർക്കാർ വകുപ്പുകളുടേയും നേതൃത്വത്തിൽ ജനങ്ങൾക്കാവശ്യമായ വിവരങ്ങളും നവമാദ്ധ്യമങ്ങളിലൂടെ നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൻെറ നേട്ടങ്ങളും ആരോഗ്യമന്ത്രിയുടെ മികവും ഉയർത്തിപ്പിടിച്ചാണ് സൈബർ സഖാക്കൾ കൊറോണയ്ക്കെതിരായ പോരാട്ടം നടത്തുന്നത്. ആരോഗ്യമന്ത്രിയെ ട്രോളുന്നുണ്ടെങ്കിലും കൊറോണയെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം അണിനിരക്കാൻ കോൺഗ്രസ്, സംഘപരിവാർ സോഷ്യൽ മീഡിയ ബ്രിഗേഡിനും മടിയില്ല.
വിരൽത്തുമ്പിലറിയം
എങ്ങനെ പ്രതിരോധിക്കാം
രോഗത്തിന്റെ നിലവിലെ സ്ഥിതി
സംശയങ്ങൾക്കു വിളിക്കുന്നതിനായുള്ള ഫോൺ നമ്പറുകൾ
പ്രധാന ആശുപത്രികളിലെ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടാനുള്ള സൗകര്യം
രോഗ ബാധിതരുടെ റൂട്ട് മാപ്പ്
ആരോഗ്യവകുപ്പിന്റെ അപ്ഡേറ്റ്സ്
പുതിയ വിവരങ്ങൾ കൃത്യമായി ഫേസ്ബുക്കിലൂടെ ആരോഗ്യവകുപ്പും നൽകുന്നുമുണ്ട്. ചിത്രങ്ങളായും വീഡിയോ ആയും ഇത് ജനങ്ങളിലേക്കെത്തുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലും വിവരങ്ങളെത്തുന്നുണ്ട്. കൊറോണ ബാധിതരെ സഹായിക്കുന്നതിനും ബോധവത്കരണത്തിനുമായി സന്നദ്ധ പ്രവർത്തനത്തിന് തയ്യാറാണെന്നറിയിച്ച് ഡ്രൈവർമാർ, നഴ്‌സുമാർ, വിവിധ സന്നദ്ധസംഘടനകൾ എന്നിങ്ങനെ നിരവധി പേരാണ് യാതൊരു പ്രതിഫലവും കൂടാതെ ഫേസ്ബുക്ക് പേജിലൂടെ എത്തുന്നത്.
'നിപ്പയെ തോൽപ്പിച്ച നമുക്ക് കൊറോണയെ തുരത്താം" എന്ന ഹാഷ് ടാഗോടെയാണ് സോഷ്യൽ മീഡിയയിലെ കാമ്പയിൻ. സർക്കാർ വകുപ്പുകളും ബോധവത്കരണവും അറിയിപ്പുകളുമായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. 'ഭീതി വേണ്ട ജാഗ്രത മതി"യെന്ന പേരിൽ നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എല്ലാവർക്കും സുപരിചിതമായതിനാൽ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിലൂടെ വളരെപ്പെട്ടെന്ന് വിവരങ്ങൾ ജനങ്ങളിലെത്തും.
വ്യാജവാർത്തകളും
നിരവധി വ്യാജ പ്രചാരണങ്ങളും സോഷ്യൽമീഡിയിലൂടെ നടക്കുന്നുണ്ട്. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകളും പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുണ്ട്.