കോഴിക്കോട്: പക്ഷിപ്പനിയെത്തുടർന്ന് ജില്ലയിലെ ഇറച്ചിക്കോഴി വില്പനയിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷയിൽ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
രോഗബാധ സ്ഥിരീകരിച്ച ഒരുകിലോമീറ്റർ ചുറ്റളവ് പ്രത്യേക നിയന്ത്രണ പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടേക്ക് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോകാനോ പാടില്ല. ഈ പ്രദേശങ്ങളിലെ കോഴിക്കടകൾ അടച്ചിടുന്നത് തുടരും. 10 കിലോമീറ്റർ ചുറ്റളവിലുള്ള കടകളിൽ സൂക്ഷിച്ച കോഴികൾ വിൽക്കാം. സംസ്‌കരിച്ച ചിക്കൻ വില്‍പന നടത്തുന്നതിനും നിയന്ത്രണമില്ല. പുറത്ത് നിന്ന് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോകാനോ പാടില്ല.
നഷ്ടപരിഹാരം 31 നകം
പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് 31 നകം നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴിക്ക് ഒന്നിന് 100 രൂപയും ഇതിന് മുകളിൽ പ്രായമുള്ളവയ്‌ക്ക് 200 രൂപയും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ വീതവും നഷ്ടപരിഹാരം നൽകും. അരുമ പക്ഷികളെ നശിപ്പിച്ച ഇനത്തിൽ ഉടമകൾക്ക് നിലവിലുള്ള നിരക്കിൽ നഷ്ടപരിഹാരം നൽകും. ജില്ലയിൽ പരിശോധന നടത്തിയ കേന്ദ്ര സംഘം പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മനുഷ്യരിലേക്ക് പക്ഷിപ്പനി പടന്ന സാഹചര്യമില്ലെങ്കിലും നിയന്ത്രണങ്ങൾ തുടരും. 14 ദിവസം ഇടവിട്ട് സാമ്പിളുകൾ ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലേക്കയക്കും. മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവായാലേ നിയന്ത്രണങ്ങൾ പിൻവലിക്കൂ. ഒരു മാസം കഴിഞ്ഞ് ഇക്കാര്യത്തിൽ വീണ്ടും അവലോകന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവറാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ. പ്രസാദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.