സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ബി.എസ്റ്റേറ്റിലെ 800 കോടിയിലധികം രൂപ വിലവരുന്നതും അപൂർവ്വ ജൈവശൃംഖലയുടെ ഭാഗമായതുമായ പതിനയ്യായിരത്തിലധികം മരങ്ങൾ മുറിച്ചുമാറ്റാൻ അനുവദിക്കില്ലെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി വ്യക്തമാക്കി. പഴക്കംചെന്ന കാപ്പിച്ചെടികൾ മാറ്റി കാപ്പിത്തോട്ടം പുനരുദ്ധരിക്കുന്നതിനെ എതിർക്കുന്നില്ല.
ബ്രഹ്മഗിരി തോട്ടത്തിന്റെ വൃദ്ധനും വിദേശിയുമായ ഉടമ മൈസൂറിൽ വീട്ടുതടങ്കലിലാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ മൂന്നുതവണ മരംമുറിച്ച് വിൽക്കാൻ നടത്തിയ ശ്രമം പ്രകൃതിസംരക്ഷണ സമിതിയുടെ ഇടപെടൽ നിമിത്തം വിഫലമായിരുന്നു. കർണ്ണാടകയിലെ മലയാളിയായ മുൻമന്ത്രിയും ബന്ധുക്കളും എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങിയതായാണ് അവകാശവാദം.
എന്നാൽ കോഫിബോർഡിലോ, റവന്യൂ ഓഫീസുകളിലോ കൈമാറ്റം നടന്ന ഒരു രേഖയും സമർപ്പിച്ചിട്ടില്ല. വില്ലേജ് ഓഫീസറും അഡീഷണൽ തഹസിൽദാറും റീപ്ലാന്റിംഗിന് അനുമതി നൽകിയത് ചട്ടവിരുദ്ധമായാണ്. അവ ഉടനടി റദ്ദാക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മരങ്ങൾക്ക് നമ്പറിട്ടത് എണ്ണം തിട്ടപ്പെടുത്താനാണെന്ന വാദം കളവാണ്. ഓരോ ജനുസ്സിലും പെട്ട മരങ്ങൾ കൃത്യമായി അളന്നു കണക്കാക്കി വിലയിട്ട് തയ്യാറാക്കിയ പട്ടിക കാസർകോട്ടെ മര മാഫിയകൾക്കും മറ്റും നൽകിയത് പരിസ്ഥിതി പ്രവർത്തകരുടെ കൈവശമുണ്ട്.
ബ്രഹ്മഗിരി എസ്റ്റേറ്റിലും സമീപപ്രദേശത്തും കഴിഞ്ഞ രണ്ടുപ്രളയത്തിലും വൻമണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ താമസിക്കുന്ന 40 ആദിവാസി കുടുംബത്തെ റവന്യൂ അധികൃതർ മാറ്റിപ്പാർപ്പിച്ചിരുന്നു.
പ്രകൃതിസംരക്ഷണസമിതിക്ക് മരം-ഭൂ-രാഷ്ട്രീയ മാഫിയകളുടെ സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും
സമിതി നേതാക്കൾ പറഞ്ഞു.
യോഗത്തിൽ പി.എം.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. എൻ.ബാദുഷ, എ.വി.മനോജ്,തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, ജസ്റ്റിൻ, സണ്ണി മരക്കടവ്,ഗോപാലകൃഷ്ണൻ മൂലങ്കാവ്, ശ്രീരാമൻ നൂൽപ്പുഴ, എം.ഗംഗാധരൻ എന്നിവർ സംസാരിച്ചു.