coronavirus

കോഴിക്കോട്: കൊറോണ പ്രതിരോധത്തിന് കൂടുതൽ ജാഗ്രത കൈവന്നതോടെ നഗരത്തിന്റെ ഹൃദയഭാഗമായ പാളയം പച്ചക്കറി മാർക്കറ്റും ആളനക്കമില്ലാത്ത നിലയിലേക്കെത്തി. പച്ചക്കറിയ്ക്ക് വില കുറവാണെങ്കിലും വാങ്ങാൻ ആളില്ലെന്ന പരിഭവമാണ് കച്ചവടക്കാർക്ക്.
പുലർച്ചെ മുതൽ രാത്രി വരെ കച്ചവടം പൊടിപൊടിക്കുന്ന ഇവിടെ ഇപ്പോൾ വളരെ കുറച്ച് ആളുകൾ മാത്രമേ എത്തുന്നുള്ളൂ. ചെറുകിട കച്ചവടക്കാരുടെ വരവും നന്നേ കുറഞ്ഞു. ചെറുകിട കച്ചവടക്കാരുടെ പതിവുസമയമായ രാവിലെയും ഉപഭോക്താക്കൾ വരുന്ന വൈകുന്നേരങ്ങളിലും മാർക്കറ്റ് ഏതാണ്ട് ഒഴിഞ്ഞ അവസ്ഥയിലാണ്.

ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദ്ദേശം ആവർത്തിക്കുന്ന സാഹചര്യത്തിൽ കഴിയുന്നതും പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ് ജനങ്ങൾ. വൈകിട്ട് മൂന്നിനു ശേഷം സജീവമാകാറുള്ള ചില്ലറ കച്ചവടം ഇപ്പോൾ പേരിലൊതുങ്ങി. ഈ മാസം തുടക്കത്തിലേ കച്ചവടം കുറഞ്ഞിരുന്നു. ഒന്നുരണ്ടു ദിവസമായി നഗരവാസികൾ പോലും എത്തുന്നില്ലെന്നായി.

ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പാളയം പച്ചക്കറി മാർക്കറ്റിലെന്ന പോലെ മിഠായി തെരുവ്, മറ്റു വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം തിരക്കില്ലാതായി. കണ്ണൂർ സ്വദേശിയിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പലരും പൊതുസ്ഥലങ്ങളിൽ നിന്നു വിട്ടു നിൽക്കുകയാണ്.

ജോലിക്കാരും മറ്റു അത്യാവശ്യക്കാരും മാത്രമാണ് ഇപ്പോൾ നഗരത്തിൽ എത്തുന്നത്.

വേനലിൽ ഡിമാൻഡ് ഏറുന്ന പഴ വിപണിക്കും ഇത്തവണ കനത്ത നഷ്ടമാണ്. ജ്യൂസു കടകളിലും മറ്റും കച്ചവടമില്ലാത്തതിനാൽ പഴക്കച്ചവടം മോശമാണെന്ന് കച്ചവടക്കാർ പറയുന്നു. ഡിമാൻഡ് ഇടിഞ്ഞതോടെ തണ്ണിമത്തനുൾപ്പെടെ വില കുറഞ്ഞിട്ടുണ്ട്.

ചൂട് വൻതോതിൽ കൂടിയതോടെ പഴങ്ങളും പച്ചക്കറിയും പെട്ടെന്ന് കേടാകുന്നതും ഇവർക്ക് തിരിച്ചടിയാണ്.