sasee

ചേളന്നൂർ : കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

വൈറസ് ബാധ നിയന്ത്രിക്കാൻ ഇതുവഴി മാത്രമേ സാധിക്കൂ.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിരീക്ഷണത്തിൽ കഴിയുന്നവർ കർശനമായും 14 ദിവസം വീടുകളിൽ കഴിയണം. കൊറോണ രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലങ്കിലും ജാഗ്രത വേണം. ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമായി നടപ്പാക്കുന്നുണ്ട്. ഇതുവഴി രോഗവ്യാപനം തടയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എലത്തൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മെഡിക്കൽ ഓഫീസർമാർ വിശദീകരിച്ചു. കേരളത്തിന് പുറത്ത് നിന്ന് വരുന്നവരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, വൈസ് പ്രസിഡന്റ് സി.എം ഷാജി, സ്ഥിരം സമിതി അംഗങ്ങളായ ടി.കെ സുജാത, ഗംഗാധരൻ , സെക്രട്ടറി എം പ്രദീപൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ എന്നിവർ പങ്കെടുത്തു.