-m-k-raghavan

കോഴിക്കോട്: ആരാധനാ കേന്ദ്രങ്ങളുടെ വികസനത്തിനുള്ള കേന്ദ്രപദ്ധതിയായ പ്രസാദിൽ (പിൽഗ്രിമേജ് റിജുവനേഷൻ ആൻഡ് സ്പിരിച്വാലിറ്റി ഓഗ്മെന്റേഷൻ ഡ്രൈവ് ) കേരളത്തെ ഉൾപ്പെടുത്തണമെന്ന് എം.കെ. രാഘവൻ എം.പി പാർലമെന്റിലെ വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, മലയാറ്റൂർ തീർത്ഥാടനകേന്ദ്രം, ഏറ്റുമാനൂർ, ഗുരുവായൂർ, വടക്കുംനാഥൻ , കോഴിക്കോട് തളി ക്ഷേത്രം, തളിപ്പറമ്പ് രാജരാജ്വേശ്വരി ക്ഷേത്രം, കണ്ണൂർ കൊട്ടിയൂർ ക്ഷേത്രം, മാഹി പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി തുടങ്ങി കേരളത്തിലെ പ്രധാന ആരാധനാലയങ്ങളുടെ വളർച്ചയ്ക്ക് ഈ പദ്ധതി സഹായകമാകും. ഈ ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ശ്യംഖല സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ലോക വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള കോഴിക്കോട്ട് ഇന്ത്യൻ മാരിടൈം ഹിസ്റ്ററി മ്യൂസിയം സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ബേപ്പൂരിലെ ഉരുനിർമാണം, കൊയിലാണ്ടിയിലെ ഹുക്ക നിർമാണം തുടങ്ങിയ പരമ്പരാഗത സംരംഭങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും വിപുലമായ പദ്ധതി ആവശ്യമാണ്.

സംസ്ഥാനത്തെ ടൂറിസം വികസനത്തിന് അനുവദിക്കുന്ന തുക വർദ്ധിപ്പിക്കണം. പ്രതിവർഷം 12 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകൾ എത്തുന്ന സാഹചര്യത്തിൽ മെഡിക്കൽ ടൂറിസമുൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ പ്രസാദ് പദ്ധതി സഹായകരമാകുമെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.