railway

കോഴിക്കോട്: കൊറോണ ബാധിത പ്രദേശത്ത് നിന്നും വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പൊലീസും ആരോഗ്യ വകുപ്പും ബോധവത്കരിച്ച് സ്വകാര്യ വാഹനത്തിൽ കയറ്റി വിടുന്നുണ്ട്. പക്ഷേ ഒരു വിഭാഗം യാത്രക്കാർ വാഹനത്തിൽ നേരെ കോഴിക്കോട് സ്റ്റേഷനിലെത്തി ട്രെയിനിൽ വീടുകളിലേക്ക് പോകും. ഈ കുറുക്ക് വഴി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച അർദ്ധരാത്രി മുതൽ പരിശോധന ആരംഭിച്ചു. ഇത്തരത്തിൽ യാത്ര ചെയ്യാനെത്തിയ ആറ് യാത്രക്കാരെ കണ്ടെത്തി തിരിച്ചയച്ചു. പരിശോധന ഇന്നലെയും തുടർന്നു.

റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തമാക്കിയതോടെ യാത്രക്കാർ കെ.എസ്. ആർ.ടി.സി വഴി പോകാനും ശ്രമം തുടങ്ങി. ഇതോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലും ആരോഗ്യ വകുപ്പ് ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നത് തടയണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു.

നേരെത്ത കേരള കവാടങ്ങളിലെ പാലക്കാട്, കാസർകോട് സ്റ്റേഷനുകളിൽ മാത്രമാണ് കൊറോണ പരിശോധന നടത്താൻ റെയിൽവേ തീരുമാനിച്ചിരുന്നത്. എന്നാൽ പത്ത് മിനുട്ട്കൊണ്ടുള്ള പരിശോധനയിൽ മുഴുവൻ കൊറോണ ബാധിതരെയും കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ് കോഴിക്കോട് സ്റ്റേഷനിലും പരിശോധന ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനിടയിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് എയർപോർട്ടിൽ നിന്നെത്തുന്ന യാത്രക്കാരെ കണ്ടെത്തിയത്.