coronavirus

കോഴിക്കോട് : റെയിൽവേ സ്റ്റേഷനു സമീപത്തെ മരുന്ന് മൊത്ത വിതരണ കമ്പനി മാസ്‌കുകൾ ഒന്നിച്ച് വാങ്ങി വിദേശ രാജ്യങ്ങളിലേക്ക് അയച്ചെന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവായി.
ജില്ലാ പൊലീസ് മേധാവിയും ലീഗൽ മെട്രോളജി കൺട്രോളറും ഡ്രസ് കൺട്രോളറും അടിയന്തര നടപടി സ്വീകരിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു.
നടപടി റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കണം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ് മാസ്‌കുകൾ അത്യാവശ്യ ഇനങ്ങളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. സാധരണക്കാർ മാസ്‌കിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ കമ്പനി മാസ്‌ക് മൊത്തമായി വാങ്ങി വിദേശത്തേക്കാണ് കടത്തിയത്.
മാസ്‌കുകളും സാനിറ്ററൈസറും വില കൂട്ടി വിൽക്കുന്നവർക്കെതിരെ പിഴ ശിക്ഷ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി കൺട്രോളർക്ക് നിർദ്ദേശം നൽകിയിരുന്നു.