coronavirus

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 3229 നിരീക്ഷണത്തിൽ. ഇന്നലെ 532 പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ്, ബീച്ചാശുപത്രി എന്നിവടങ്ങളിൽ നാലുപേർ വീതം ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളേജിൽ നിന്ന് നാലും ബീച്ചാശുപത്രിയിൽ നിന്ന് മൂന്നും പേരെയും ഡിസ്ചാർജ്ജ് ചെയ്‌തു. എട്ട് സ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചു.

100 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചതിൽ 92 എണ്ണവും നെഗറ്റീവാണ്. ഇന്നലെ അയച്ച എട്ട് സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടത്തിയ കൊറോണ അവലോകന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. ആർ. രാജേന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജീത് കുമാർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ, ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, അഡീഷണൽ ഡി.എം.ഒമാരായ ഡോ. എൻ. രാജേന്ദ്രൻ, ഡോ. ആശാദേവി, ഡി.പി.എം ഡോ. എ. നവീൻ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ വടക്ക് ഭാഗത്തുള്ള എട്ട് ആരോഗ്യ ബ്ലോക്കുകളിൽ മെഡിക്കൽ ഓഫീസർമാരുടെയും സൂപ്പർ വൈസർമാരുടെയും അവലോകന യോഗം ചേർന്ന് 19 പ്രതിരോധ പ്രവർത്തനം വിലയിരുത്തി. മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിൽ കെ. ദാസൻ എം.എൽ.എയും ഉള്ള്യേരിയിൽ നടന്ന യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എയും പങ്കെടുത്തു. ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരും അവലോകന യോഗങ്ങളിൽ പങ്കെടുത്ത് കൊറോണ സംബന്ധമായ പുതിയ മാർഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു.

ജില്ലാ ലേബർ ഓഫീസ് ഹാളിൽ അതിഥി തൊഴിലാളികളെ ബോധവത്കരിക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അദ്ധ്യാപകർക്ക് പരിശീലനം നൽകി. അഡി. ഡി.എം.ഒ. ഡോ. എൻ. രാജേന്ദ്രൻ, ജില്ലാ മാസ് മീഡിയ ഓഫീസർ എം.പി. മണി എന്നിവർ ക്ലാസെടുത്തു. ജില്ലാ ലേബർ ഓഫീസർ വി.പി. രാജൻ, അസി. ലേബർ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.