സുൽത്താൻ ബത്തേരി: ജില്ലയിൽ കുരങ്ങ് പനി ഉണ്ടായ പശ്ചാത്തലത്തിലും കൊറോണ വ്യാധി പടർന്ന് പിടിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ ടെലി മെഡിസിൻ സംവിധാനത്തിലൂടെ നൂൽപ്പുഴ മണിമുണ്ട കോളനിയിലെ ആളുകൾക്ക് ബോധവൽക്കരണം നടത്തി. കാടിനുള്ളിലേക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപെടൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കുടുംബശ്രീ ഈ പദ്ധതി ആരംഭിച്ചത്. നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രവുമായി ചേർന്ന് സിഫോർഎസ് എന്ന സംഘടനയുടെ സഹകരണത്തോടെ ലാന്റ് ഡിസ്റ്റൻസ് വയർലസ് കണക്റ്റിവിറ്റി ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നൂൽപ്പുഴ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു കെ ക്ലാസ് എടുത്തു. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഊരിലെ രോഗികൾക്ക് ടി ബി,പോഷകാഹാര ബോധവൽക്കരണം, ലഹരി ഉപയോഗം തടയൽ, പകർച്ചാ വ്യാധികൾ എന്നിവയിൽ ബോധവൽക്കരണം തുടങ്ങിയവയും ലക്ഷ്യം വെയ്ക്കുന്നുണ്ട്.
ഡോക്ടറുടെ സേവനത്തിലൂടെ ഊരിലെ ഒരു വ്യക്തിക്ക് പരിശീലനം നൽകി മരുന്ന് ഉൾപ്പെടെ നൽകാനും അതുവഴി രാത്രി കാലങ്ങളിലും അടിയന്തിര സന്ദർഭങ്ങളിലും ഇടപെടാൻ കഴിയുമെന്നും കുടുംബശ്രീ പ്രതീക്ഷിക്കുന്നു. കൂടുതൽ ആളുകൾക്ക് ഗുണകരമാകുന്ന ഈ പദ്ധതിയിലൂടെ സർക്കാർ സേവനങ്ങൾ യഥാസമയം അറിയിക്കാനും സാധിക്കും.
നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രവുമായാണ് നിലവിൽ സാങ്കേതിക വിദ്യ ഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻകോർഡിനേറ്റർ പി സാജിത,ഡോ. കെ ജിതേന്ദ്രനാഥ്, നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: താഹിർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.