സുൽത്താൻ ബത്തേരി : മുത്തങ്ങ അതിർത്തി ചെക്ക്പോസ്റ്റിൽ വെച്ച് ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ വക ബസ്സിൽ കയറി പരിശോധന. കൈയിൽ തെർമ്മൽ സ്‌കാനറുമായി ബസ്സിലെ ഓരോ യാത്രക്കാരുടെയും നേരെ നീട്ടിയായിരുന്നു കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പരിശോധന. അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയോഗിച്ച മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ മുത്തങ്ങയിലെത്തിയ മന്ത്രി ആരോഗ്യ വകുപ്പ് ജീവനക്കാരിൽ നിന്ന് തെർമ്മൽ സ്‌കാനർ വാങ്ങിയായിരുന്നു പരിശോധന നടത്തിയത്.
മന്ത്രി ബസിൽ കയറി യാത്രക്കാരെ ഓരോരുത്തരെയും പരിശോധിക്കുകമാത്രമല്ല ചെയ്തത്. അവരോട് മുൻകരുതൽ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.

മന്ത്രി തെർമൽ സ്‌കാനറുമായി പരിശോധനക്കെത്തിയപ്പോൾ ബസ് യാത്രക്കാർ ആദ്യം കരുതിയത് ആരോഗ്യ വകുപ്പ് ജീവനക്കാരാണെന്നാണ്. പിന്നീട് മന്ത്രിയാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാർ എഴുന്നേറ്റ് നിന്നാണ് മന്ത്രിയുടെ പരിശോധനയുമായി സഹകരിച്ചത്. കർണാടകയുടെയും കേരളത്തിന്റെയും ഓരോ ബസുകളിലാണ് മന്ത്രി പരിശോധന നടത്തിയത്. ബസിൽ കയറുന്നതിന് മുമ്പ് ബംഗളുരു ഭാഗത്ത് നിന്ന് വന്ന ഏതാനും കാറുകളിലും മന്ത്രി പരിശോധിക്കുകയുണ്ടായി.


പഞ്ചായത്ത്തല യോഗങ്ങൾ നടത്തും
സുൽത്താൻ ബത്തേരി : കൊറോണ വൈറസ് വ്യാപനം പൂർണമായി തടയുന്നതിന് വേണ്ടി പഞ്ചായത്ത് തലങ്ങളിൽ യോഗം വിളിച്ചുചേർത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കൊറോണ വ്യാപനം തടയുന്നതിനായി വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ മീറ്റിംഗ് ഇന്നും നാളെയുമായി വിളിച്ച് ചേർത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം.
കേരളത്തിലെത്തിയ വിദേശിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും കർശന പരിശോധന നടത്താൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു. കൊറോണയെപ്പറ്റി ജനങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കുന്ന ഭീതി അകറ്റാനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, നഗരസഭ ചെയർമാൻ ടി.എൽ.സാബു, ഡി.എം.ഒ ഡോ. ആർ രേണുക, ഡെപ്യുട്ടി ഡി.എം.ഒ ഡോ.പ്രിയ, ജോയിന്റ് ആർ.ടി.ഒ സരള, ഡി.എഫ്.ഒ രൻജിത്ത് കുമാർ, ഡി.റ്റി.പി.സി സെക്രട്ടറി ആനന്ദ്, സി.ഐ.എം.ഡി.സുനിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതശശി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.