പാലക്കാട്: വാളയാർ കേസിൽ കീഴ്‌ക്കോടതി വെറുതെവിട്ട പ്രതികളെ ഇന്ന് വിചാരണക്കോടതിയിൽ ഹാജറാക്കിയേക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ട് സർക്കാരും പെൺകുട്ടികളുടെ രക്ഷിതാക്കളും നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഇതേതുടർന്ന് ഇന്നലെ വൈകീട്ട് തന്നെ വലിയമധുവും കുട്ടിമധുവും വാളയാർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പ്രതിചേർക്കപ്പെട്ടിരുന്ന ഷിബു, പ്രദീപ് എന്നിവരുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി ഇന്നുതന്നെ പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. ഇവരിൽ നിന്ന് ബോണ്ട് എഴുതിവാങ്ങിയശേഷം ജാമ്യത്തിൽ വിടാനാണ് സാദ്ധ്യത.
കേസിൽ ഇനിയെന്ത്?
വാളയാർ കേസിൽ സർക്കാരും പെൺകുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈക്കോടതി പരിഗണിച്ചതോടെ കേസിൽ ഇനിയെന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേസ് സ്വീകരിച്ച കേടതിയുടെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് വെറുതെവിട്ട പ്രതികളെ അറസ്റ്റുചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. കേസ് അവധിക്ക് പിരിഞ്ഞ് തുറക്കുമ്പോൾ മേയ് മാസത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്.
ഹൈക്കോടതി നിലവിലുള്ള അപ്പീലിൽമേൽ വാദം കേട്ട് കീഴ്ക്കോടതി വിധി ശരിവയ്ക്കുകയോ മറിച്ചോ ഉത്തരവിടാം. അല്ലെങ്കിൽ കേസിൽ കൂടുതൽ ശക്തമായ തെളിവുകളോ സാക്ഷിമൊഴികളോ ഉണ്ടെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ ബെസ്റ്റ് ബേക്കറി കേസിന്റെ വിധി ചൂണ്ടിക്കാണിച്ച് ഒരു പുനരന്വേഷണത്തിനും കോടതിക്ക് നിർദ്ദേശിക്കാം. ഇതിൽ കേടതി വിശദമായ വിലയിരുത്തലിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളു.
വിചാരണക്കോടതി വിധിയെഴുതിയ കേസിൽ ഒരു പുനരന്വേഷണത്തിന് സാദ്ധ്യത കുറവാണെന്നും ആവശ്യമെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നുമാണ് നിയമ വിദഗ്ധർ പറയുന്നത്.
അറസ്റ്റ് ഞങ്ങളെ ബോധ്യപ്പെടുത്താൻ മാത്രമാവരുതെന്ന്
കോടതി ഉത്തരവ് അറിഞ്ഞപ്പോൾ ആശ്വാസമായി. പക്ഷേ, ഞങ്ങളെ ബോധിപ്പിക്കാനായി മാത്രം പ്രതികളെ അറസ്റ്റുചെയ്തിട്ട് കാര്യമില്ല. ഇവർക്ക് തക്കതായ ശിക്ഷതന്നെ നൽകണം. ഇനി സമൂഹത്തിൽ ആർക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടാവരുത്. കോടതി പുനരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും. കീഴ്ക്കോടതി വിധിവന്നതിന് ശേഷവും പ്രതികളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നു. ഇക്കാര്യം ചൂട്ടിക്കാട്ടി എസ്.പിക്ക് രേഖാമൂലം പരാതിനൽകിയിട്ടുണ്ട്.
പെണകുട്ടികളുടെ അമ്മ