milma


കോഴിക്കോട്: ഉത്പാദനത്തിലെ ശുചിത്വം ഉറപ്പാക്കി ഉന്നത ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കളിലെത്തിക്കുന്നതിന്റെ ഭാഗമായി

മിൽമ മാർച്ച് മാസം പാൽ ഗുണമേന്മ മാസമായി ആചരിക്കും. ഇതിന്റെ ഭാഗമായി മിൽമ മലബാർ മേഖലാ യൂണിയൻ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷീര കർഷകർക്ക് ഒരു കോടി രൂപയുടെ സമ്മാനങ്ങൾ നൽകും.

പാലിന്റെ പോഷക ഗുണനിലവാരത്തിന്റെയും അണുഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ സംഘങ്ങൾ വഴിയായിരിക്കും സമ്മാനങ്ങൾ നൽകുക.

ക്ഷീരസംഘങ്ങളിൽ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ ഗുണനിലവാരമുള്ള പാൽ നൽകുന്ന കർഷകർ സമ്മാനത്തിനർഹരാകും. ഉത്പാദന ചെലവ് കുറക്കുന്നതിന്റെ ഭാഗമായി മിൽമ കാലിത്തീറ്റക്ക് സബ്‌സിഡിയും നൽകുന്നുണ്ട്. കൂടാതെ തീറ്റ വസ്‌തുക്കളായ സൈലേജ്, പച്ചപ്പുല്ല് എന്നിവയ്‌ക്കും സബ്സിഡിയുണ്ട്.
പാൽ സമയബന്ധിതമായി ശീതീകരിക്കുന്നതിന് ക്ഷീര സംഘങ്ങളിൽ ബൾക്ക് മിൽക്ക് കൂളർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മലബാറിലെ വിവിധ ക്ഷീര സംഘങ്ങൾക്ക് എട്ട് ലക്ഷത്തോളം ലിറ്റർ പാൽ ശീതീകരിക്കാനാകും. അധിക പാൽ വിലയും സമ്മാനങ്ങളും വിഷുവിന് മുമ്പ് വിതരണം ചെയ്യുമെന്ന് ചെയർമാൻ കെ.എസ്. മണിയും മാനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാരനും അറിയിച്ചു.