കോഴിക്കോട്: കൊറോണയെ പ്രതിരോധിക്കുന്നതിനായി ജില്ലയിൽ സുരക്ഷ കർശനമാക്കി. ദൂരസ്ഥലങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ടെർമിനൽ, മൊഫ്യൂസൽ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെത്തുന്നവരുടെ ആരോഗ്യ പരിശോധന ശക്തമാക്കി. അഴിയൂർ, വടകര, താമരശ്ശേരി, രാമനാട്ടുകര ബോർഡർ, കൊയിലാണ്ടി, മുക്കം എന്നിവിടങ്ങളിലും സമാന സേവനം ലഭ്യമാക്കി.
13 അംഗങ്ങൾ വീതമുള്ള മൂന്ന് ടീമുകളാണ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നത്. തെർമോ മീറ്ററുപയോഗിച്ചുള്ള പരിശോധനയിൽ ശരീരോഷ്മാവ് 100 ഡിഗ്രിയിൽ കൂടുതലുള്ളവരെ ആരോഗ്യപ്രവർത്തകർ മുഖേന വിവിധ ആശുപത്രികളിലേക്കയക്കും. ആയിരക്കണക്കിന് ആളുകളാണ് ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നൽകുന്ന സേവനം ദിവസവും ഉപയോഗപ്പെടുത്തുന്നത്.
വിദേശത്ത് നിന്നെത്തുന്നവരുടെ സഞ്ചാരപഥവും വിവരങ്ങളും ആരോഗ്യ പരിശോധനക്കൊപ്പം പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കിൽ ശേഖരിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, പൊലീസ്, വോളണ്ടിയർമാർ എന്നിവരാണ് സേവന രംഗത്തുള്ളത്.
കൊറോണയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് കളക്ട്രേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിൽ 24 മണിക്കൂർ ഹെൽപ് ലൈൻ സേവനവുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യവും ലഭ്യമാക്കും. വാർഡ്തല ജാഗ്രതാ കമ്മിറ്റി, പഞ്ചായത്ത് തല ജാഗ്രതാ കമ്മിറ്റി, ജില്ലാതല ജാഗ്രതാ കമ്മിറ്റി എന്നിവയുടെ പ്രവർത്തനങ്ങളും കാര്യക്ഷമമാണ്. വാർഡ് അംഗം, ആരോഗ്യ, ആശ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ എന്നിവരടങ്ങുന്ന വാർഡ്തല കമ്മിറ്റി അതത് പ്രദേശങ്ങളിൽ ബോധവത്കരണവും മുൻകരുതൽ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് തല കമ്മിറ്റി, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് പഞ്ചായത്ത് തല കമ്മിറ്റി. ജില്ലാതല ജാഗ്രതാ കമ്മിറ്റിക്ക് കീഴിൽ ട്രെയിനിംഗ്, സോഷ്യൽമീഡിയ, ഡോക്യുമെന്റെഷൻ, ട്രാൻസ്‌പോർട്ടേഷൻ, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ സബ്കമ്മിറ്റികളുമുണ്ട്.
ജില്ലയിലെ എല്ലാ ആശുപത്രികളിലും കൊറോണ ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവർക്കും ബന്ധുക്കൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പതിനഞ്ചോളം കൗൺസലേഴ്‌സ് കൗൺസലിംഗ് നൽകുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു.