കോഴിക്കോട് : കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി റസിഡന്റ്‌സ് അസോസിയേഷനുകൾക്കും അപ്പാർട്ടുമെന്റുകൾക്കും മാർഗനിർദ്ദേശം നൽകി. വീടുകളിലും ഫ്ലാറ്റുകളിലും പൊതുപരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണം. പൊതുസ്ഥലങ്ങൾ, കൈവരികൾ എന്നിവ അണുവിമുക്തമാക്കണം. ശുചീകരണ ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ നൽകണം. പാർക്ക്, ജിം, സ്വിമ്മിംഗ് പൂൾ, ക്ലബുകൾ എന്നിവ അടച്ചിടണം. ഒഴിവുകാല കാമ്പുകൾ ഒഴിവാക്കണം. ലിഫ്റ്റിന്റെ ഉൾവശം അണുവിമുക്തമാക്കണം. ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. അഭ്യൂഹങ്ങൾ പരത്താതിരിക്കാൻ ശ്രദ്ധിക്കണം.
ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം പാലിക്കണം. കൊറോണ നിയന്ത്രണ ലഘുലേഖ വിതരണം ചെയ്യണം. കൊറോണ ബാധിത ഇടങ്ങളിൽ നിന്നും എത്തിയവരും നിരീക്ഷണത്തിൽ കഴിയുന്നവരും വീടിനു പുറത്തിറങ്ങുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പു വരുത്തണം. അല്ലാത്ത കേസുകൾ പൊലീസിനെ അറിയിക്കണം. ഇത്തരം ആളുകളെ ഒറ്റപ്പെടുത്തുന്നരുത്. കുട്ടികൾ, മുതിർന്ന പൗരന്മാർ, രോഗങ്ങൾ ഉള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധനൽകണം. വ്യക്തിശുചിത്വം, വൈറസ് വ്യാപനം സംബന്ധിച്ച് കുട്ടികളെ ബോധവാൻമാരാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.