kunnamangalam-news

കുന്ദമംഗലം: ചില്ലറക്കാരനല്ല ഈ തേക്ക്. വയസ്സ് നൂറ്റൻപത് കഴിഞ്ഞു. അതുകൊണ്ടു തന്നെ ദേശീയപാതയോരത്തായുള്ള ഈ കൂറ്റൻ മരത്തിന് ചരിത്രവും പാരമ്പര്യവും ഏറെ അവകാശപ്പെടാനുണ്ട്.

കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിൽ മർകസിന്റെ പ്രധാന കവാടത്തിന്റെ എതിർഭാഗത്തായാണ് ഉഗ്രപ്രതാപത്തോടെ തലയുയർത്തിയുള്ള നില്പ്. 1978ൽ മർകസ് എന്ന സ്ഥാപനം വരുന്നതുവരെ ഇവിടത്തെ ബസ് സ്റ്റോപ്പിന്റെ പേരു തേക്കിൻചുവട്ടിൽ എന്നായിരുന്നു. മർകസ് വന്നതോടെ തേക്കിൻചുവട്ടിൽ ക്രമേണ മാഞ്ഞ് മർകസ് സ്റ്റോപ്പായി മാറി. ഇപ്പോൾ ആകെയുള്ളത് തേക്കിൻചുവട്ടിൽ എന്ന പേരിൽ ഒരു റസിഡന്റ്സ് അസോസിയേഷൻ മാത്രം. ഈ അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഈ തേക്കിനെ പൊന്നാട ചാർത്തി ആദരിച്ചിരുന്നു.

ഇപ്പോൾ പഴമക്കാർക്ക് മാത്രമേ തേക്കിൻചുവട്ടിൽ എന്ന പേരറിയൂ. വേരുകളിലധികവും നെടുവച്ചാലിൽ പറമ്പിലാണെങ്കിലും തേക്ക് സർക്കാരിന്റേതാണ്. പണ്ട് തേക്ക് നെടുവച്ചാലിൽ തറവാട്ടുകാരുടേതായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു. എൺപതടിയോളം ഉയരമുണ്ട് തേക്കിന്. പത്തടി ചുറ്റുവണ്ണവും. ഇത് കാണാൻ മാത്രം എത്തുന്നവരുമുണ്ട്. തവിട്ട് കലർന്ന സ്വർണ്ണനിറമുള്ള എ ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ടെക്ടോണഗ്രാന്റിസ് എന്ന മുന്തിയഇനം തേക്കാണിതെന്ന് സസ്യശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.

അടുത്ത പ്രദേശത്തൊന്നും ഇത്രയും വലിയ തേക്കില്ല. ജില്ലയിൽ മരച്ചക്കിൽ കൊപ്രയാട്ടുന്ന അപൂർവം കേന്ദ്രങ്ങളിലൊന്ന് തേക്കിൻചുവട്ടിലേതാണ്. നേരത്തെ കാളകളാണ് ചക്ക് തിരിച്ചിരുന്നത്. ഇപ്പോൾ ഇവിടെ മരച്ചക്ക് തിരിക്കാൻ യന്ത്രങ്ങളാണെങ്കിലും തേക്കിൻചുവട്ടിലെ എണ്ണയും വെളിച്ചെണ്ണയും ഇന്നും പ്രസിദ്ധം.

ദേശീയപാത വികസനം തേക്കിന് പുതിയ ഭീഷണിയായിരിക്കുകയാണ്. ഫുട്പാത്തും ഓവുചാലും നിർമ്മിക്കുമ്പോൾ തേക്കിന് ഒരു പോറലുമേൽക്കാതെ നോക്കണമെന്ന ആവശ്യമാണ് ഇന്നാട്ടുകാരുടേത്.