walayar-case

പാലക്കാട്: വാളയാർ കേസിൽ വിചാരണ കോടതി വെറുതെവിട്ട നാലുപേരിൽ മൂന്നുപേർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ കോടതിയിലെത്തി ജാമ്യ ഉടമ്പടിവെച്ചു. പാമ്പാംപള്ളം കല്ലങ്കാട് സ്വദേശികളായ എം.മധു (കുട്ടിമധു), വി.മധു, ചേർത്തല സ്വദേശി പ്രദീപ് കുമാർ എന്നിവരാണ് പാലക്കാട് പോക്‌സോ കോടതി ജഡ്ജി എസ്.മുരളീകൃഷ്ണ മുമ്പാകെ ഹാജരായി 50,000 രൂപ വീതമുള്ള രണ്ടുപേരുടെ ജാമ്യ ഉടമ്പടി വെച്ചത്. ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചവരിൽ ഇടുക്കി സ്വദേശി ഷിബു ഹാജരായിട്ടില്ല.
ഹൈക്കോടതി നിർദ്ദേശം ലഭിച്ചതിനു പിന്നാലെ വാളയാർ പൊലീസ് എം.മധുവിനെയും വി. മധുവിനെയും കഴിഞ്ഞദിവസം വൈകിട്ടോടെ തന്നെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇവരെ പൊലീസാണ് കോടതിയിലെത്തിച്ചത്. പ്രദീപ്കുമാർ അഭിഭാഷകനൊപ്പം കോടതിയിൽ ഹാജരാവുകയായിരുന്നു. ഷിബുവിനെ എത്രയും വേഗം കോടതിയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആകെ അഞ്ചു പേരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ ജുവനൈൽ കോടതിയിൽ വിചാരണ നടക്കുന്നത് ഒഴികെ ബാക്കി നാലുപേരെയും ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ പോക്‌സോ കോടതി വെറുതെ വിടുകയായിരുന്നു. തുടർന്ന് കീഴ്‌ക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും പെൺകുട്ടികളുടെ രക്ഷിതാക്കളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ച കോടതി വെറുതെവിട്ട പ്രതികളെ കീഴ്‌ക്കോടതി മുമ്പാകെ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.