കൽപ്പറ്റ: ജില്ലയിൽ കൊറോണ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തര സാഹചര്യത്തിലാണ് ഡി.ഡി.എം.എ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടിക്രമങ്ങൾ.
ഇതിന്റെ ഭാഗമായി ജില്ലാതല സംഘവും അതിന് കീഴിലായി ഒമ്പത് ഉപസംഘങ്ങളുമാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) എന്നിവരടങ്ങിയതാണ് ജില്ലാതല സംഘം. ഈ സംഘത്തിന് പുറമെ ക്വാറന്റൈൻ മാനേജ്‌മെന്റ്, ചെക്ക്‌പോസ്റ്റ് മാനേജ്‌മെന്റ്, മാൻപവർ ആൻഡ് വെഹിക്കിൾ മാനേജ്‌മെന്റ്, ആൾക്കൂട്ടങ്ങളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും നിരീക്ഷണം, വകുപ്പ്തല ഏകോപനവും ക്രമസമാധാനവും, ഡോക്യൂമെന്റേഷൻ, മൊബൈൽ സ്‌ക്വാഡ്, ഇന്റർ ഡിസ്ട്രിക് കോർഡിനേഷൻ, ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഇവാക്വേഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ഉപ സംഘങ്ങൾ പ്രവർത്തിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ക്വാറന്റൈൻ മാനേജ്‌മെന്റ് ചുമതല. വിദേശത്ത് നിന്ന് എത്തുന്നവർ കൃത്യമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും രോഗലക്ഷണമുളളവരെ കണ്ടെത്തി ഐസലേഷനിൽ പാർപ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ഇവർ ഉറപ്പാക്കണം. ഇവർക്കായി മാനസിക പിന്തുണയും ഭക്ഷണവും നൽകണം. ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം),ജില്ലാ സപ്ലൈ ഓഫീസർ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജർ എന്നിവർ ഇതിൽ അംഗങ്ങളാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ച് യാത്രക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ട ചുമതലയാണ് ചെക്ക്‌പോസ്റ്റ് മാനേജ്‌മെന്റ് ടീമിനുളളത്. യാത്രക്കാർക്ക് രോഗലക്ഷണങ്ങളില്ലെന്നും ഇവർ ഉറപ്പാക്കണം. സബ് കളക്ടർ, ജില്ലാ സർവൈലൻസ് ഓഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, നെഹ്റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ എന്നിവരാണ് ഈ ചുമതലകൾ നിറവേറ്റുക. ജില്ലാ അതിർത്തിയിലെ പത്ത് ചെക്ക് പോസ്റ്റുകളിൽ ഇവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കും.
ജില്ലയിൽ നടക്കുന്ന വിവാഹങ്ങൾ ഉത്സവങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ കുടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്നതും അതിഥി തൊഴിലാളികളുടെ നിരീക്ഷണവും ദേശീയ തൊഴിലുറപ്പ് പദ്ധത് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ നേതൃത്വം വഹിക്കുന്ന ടീം ഉറപ്പുവരുത്തും. ജില്ലാ ലേബർ ഓഫീസർ, നെഹ്റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ എന്നിവർ ഈ സംഘത്തിൽ ഉൾപ്പെടും.
വകുപ്പ്തല ഏകോപനവും ക്രമസമാധാനപാലനവും എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടക്കും. സുൽത്താൻ ബത്തേരി എൽ.ആർ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുളള മൊബൈൽ സ്‌ക്വാഡ് ചെക്ക് പോസ്റ്റുകളിൽ കാര്യക്ഷമമായ രീതിയിൽ പരിശോധന നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഇന്റർ ഡിസ്ട്രിക് കോർഡിനേഷൻ ചുമതല എൽ.ആർ ഡെപ്യൂട്ടി കളക്ടർക്കും ഇന്റർ ഡിസ്ട്രിക്ട് ആൻഡ് സ്റ്റേറ്റ് ഇവാക്വേഷൻ മാനേജ്‌മെന്റ് പി.എ.യു പ്രോജക്ട് ഡയറക്ടർക്കുമാണ്.
ഇതോടൊപ്പം ആദിവാസി കോളനികളിൽ കൊറോണ പ്രത്യേക ബോധവൽക്കരണം നടത്താൻ സംഘത്തിന് പുറമെ പട്ടിക വർഗ്ഗ വികസന വകുപ്പിനും ചുമതല നൽകിയിട്ടുണ്ട്.