ജില്ലയിൽ നിരീക്ഷണത്തിൽ 351 പേർ
24 സാമ്പിളുകളിൽ 13 ഫലം നെഗറ്റീവ്
കൽപ്പറ്റ: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 116 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ 351 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. സൗദി അറേബ്യ, യു എ ഇ, ഖത്തർ, ഒമാൻ, സിംഗപ്പൂർ, ബ്രിട്ടൻ, ബഹ്‌റൈൻ, മലേഷ്യ, എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് പുതുതായി നിരീക്ഷണത്തിൽ കഴിയുന്നത്.
ചൊവ്വാഴ്ച്ച രണ്ട് സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 24 സാമ്പിളുകളിൽ 13 പേരുടെ ഫലം നെഗറ്റീവ് ആണ്. 11 പേരുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ ചെക്ക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ 1687 വാഹനങ്ങളിലായി 5078 ആളുകളെ പരിശോധിച്ചു. ഇവരിൽ 3 പേർക്ക് പനി ലക്ഷണമുളളതായി കണ്ടെത്തി.ഒരാളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ 50 ജീവനക്കാർക്ക് പരിശീലനം നൽകി.
നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കണം
നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് കർശനമായി ഒഴിവാക്കണം. വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം. പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അണു വിമുക്തമായ തൂവാല, തോർത്ത്, തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. പൊതുസ്ഥലത്ത് തുപ്പരുത്.സന്ദർശകരെ അനുവദിക്കരുത്.നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ശുചിമുറിയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.പനി, ചുമ, ശ്വാസതടസം എന്നീ രോഗ ലക്ഷണം പ്രകടമാകുന്നവർ (ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രം/ ജില്ലാ മെഡിക്കൽ ഓഫീസ്/ഐ.ഡി.എസ്.പി കൽപ്പറ്റ 04936206606 ) നേരിട്ട് വിളിച്ചറിയിച്ച് അവിടെനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് മാത്രമേ ആശുപത്രികളിൽ ചികിത്സക്ക് പോകാവൂ. പൊതുഗതാഗത സമ്പ്രദായമുപയോഗിച്ച് ആശുപത്രിയിലെത്തരുത്. സംശയങ്ങൾക്ക് കോവിഡ് 19 കോൾ സെന്ററിലേക്ക് വിളിക്കാം. ഫോൺ:04936204151, ടോൾ ഫ്രീ 1077.