കോഴിക്കോട് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി 929 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ ആകെ 4158 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറു പേരും ബീച്ച് ആശുപത്രിയിൽ എട്ട് പേരുമായി 14 പേർ ഐസൊലേഷൻ വാർഡിലുണ്ട്. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നാല് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
പത്ത് സ്രവ സാംപിൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 110 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 96 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചത് എല്ലാം നെഗറ്റീവാണ്. 14 പേരുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ തെക്കൻമേഖലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിൽ മെഡിക്കൽ ഓഫീസർമാരുടെയും സൂപ്പർവൈസർമാരുടെയും അവലോകന യോഗം ചേർന്ന് കൊറോണ പ്രതിരോധ പ്രവർത്തനം വിലയിരുത്തി. പ്രോഗ്രാം ഓഫീസർമാർ അവലോകന യോഗങ്ങളിൽ പങ്കെടുത്ത് ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങൾ വിശദീകരിച്ചു.
ജില്ലയിലെ ഹെല്പ് ഡെസ്‌ക്കുകളിൽ നിയമിക്കപ്പെട്ട നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. അഡിഷണൽ ഡി.എം.ഒ മാരായ ഡോ. എൻ. രാജേന്ദ്രൻ, ഡോ. ആശാദേവി, ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.ടി. മോഹനൻ എന്നിവർ ക്ലാസെടുത്തു. കൊറോണ എയർപോർട്ട് സർവൈലൻസ് ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാനതലത്തിൽ നടത്തിയ സൂം വീഡിയോ കോൺഫറൻസിംഗിൽ ഡി.എം.ഒ യും അഡിഷണൽ ഡി.എം.ഒ മാരും പങ്കെടുത്തു.
ജില്ലാ തലത്തിൽ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും താഴെ തലത്തിലെത്തിക്കാൻ വിതരണം ചെയ്തു. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്.
രോഗലക്ഷണങ്ങളുള്ളവർ
പൊതുയാത്ര അരുത്
കൊറോണ രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിലെത്തുന്നതിന് പൊതുഗതാഗത സംവിധാനം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. ആംബുലൻസ് ഉപയോഗിച്ച് മാത്രമേ ആശുപത്രിയിലേക്ക് വരാനും തിരിച്ച് വീടുകളിലേക്ക് പോകാനും പാടുള്ളൂ. ഇതിന് കൺട്രോൾ റൂമിൽ ബന്ധപ്പെടാം. വാഹനസൗകര്യം ലഭ്യമാകുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സേവനം ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും പൊതുപരിപാടികളിൽ പങ്കെടുക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.
രോഗ ലക്ഷണം ഉള്ളവർക്ക് കൺട്രോൾറൂമിൽ ( 0495 2371471, 2376063, 2373901) വിളിക്കാം. ജില്ലാ മെഡിക്കൽ ഓഫീസർ വി. ജയശ്രീ, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.
7000 നോട്ടീസുകൾ വിതരണം ചെയ്തു
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വീടുകളിൽ കൊറോണ മുൻകരുതലുകളെയും രോഗ ലക്ഷണങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഏഴായിരം നോട്ടീസുകൾ വിതരണം ചെയ്തതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ പറഞ്ഞു.
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ നടക്കാനിടയുള്ള സ്ഥലങ്ങളും വിദേശങ്ങളിൽ നിന്നു നാട്ടിലേക്ക് തിരിച്ചെത്തിയവരുള്ള വീടുകളും കേന്ദ്രീകരിച്ച് എമർജൻസി റെസ്‌പോൺസ് ടീമംഗങ്ങളാണ് നോട്ടീസ് വിതരണം ചെയ്തത്. ഇതിനുപുറമേ ബ്ലോക്ക് പഞ്ചായത്തിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കുന്നുണ്ട്.