കോഴിക്കോട്: പക്ഷിപ്പനിയെത്തുടർന്ന് ഇറച്ചിക്കോഴി വില്പനയിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ വ്യാപാരം പുനഃരാരംഭിച്ചു. വില കുത്തനെ ഇടിയാതിരിക്കാൻ പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ഇറച്ചിക്കോഴിക്ക് 40 രൂപയും ഇറച്ചിക്ക് 80 രൂപയും നിശ്ചയിച്ചാണ് വ്യാപാരം നടത്തിയത്.
മൂന്ന് മാസത്തേക്ക് പുറമെ നിന്ന് ഇറച്ചിക്കോഴികളെ കൊണ്ടു വരുന്നത് നിരോധിച്ചസാഹചര്യത്തിൽ നിലവിലുള്ള സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കരുതെന്ന് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങൾക്ക് നിർദ്ദേശം നൽകി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത 10 കിലോമീറ്റർ ചുറ്റളവിലുള്ള കടകളിൽ സൂക്ഷിച്ച കോഴികൾ വിൽക്കാനാണ് അനുമതി. സംസ്‌കരിച്ച ചിക്കൻ വില്‍പന നടത്തുന്നതിനും നിയന്ത്രണമില്ല.
പുറത്ത് നിന്ന് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോകാനോ പാടില്ല. വില്പന പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും വാങ്ങാൻ എത്തിയവർ വളരെ കുറമായിരുന്നു. കൊറോണ മുൻകരുതൽ തുടരുന്നതും പക്ഷിപ്പനി ഭയം മാറാത്തതും കാരണം ചുരുക്കം പേർ മാത്രമെ ഇറച്ചി വാങ്ങാനെത്തിയുള്ളൂ. എന്നാലിത് ഉടൻ മാറുമെന്ന വിശ്വാസമാണ് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷനുള്ളത്.