lockel-must

രാമനാട്ടുകര: രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപത്തെ ചെത്തുപാലം തോടിന്റെ തീരവും ഒഴിഞ്ഞ പറമ്പും പഴയ കെട്ടിടവും സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞദിവസം ഗുണ്ടാ സംഘത്തിലുള്ള നാലു പേർ ചേർന്ന് യുവാവിനെ അടിച്ചു കൊന്നത് ഇവിടെയായിരുന്നു. തോടിന്റെ ഒരു ഭാഗത്ത് വിശാലമായ ഒഴിഞ്ഞ പറമ്പാണ്. നഗരസഭയുടെ മാലിന്യ സംസ്‌കരണ വേർതിരിവ് കേന്ദ്രവും ഇവിടെയുണ്ട്. ദേശീയ പാതയോരത്ത് രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ പിന്നിലാണ് സ്ഥലം.

ഹൈവേയിൽ നിന്ന് ഇവിടേക്ക് റോഡുണ്ട്. ഒരു വശത്ത് തോടും രണ്ടു ഭാഗത്തും മതിലുമുണ്ട്. നഗരസഭയുടെയും സ്വകാര്യ വ്യക്തിയുടേതുമാണ് സ്ഥലം. ഇവിടത്തെ പഴയ കെട്ടിടം മദ്യപന്മാരുടെ കേന്ദ്രമാണ്. ഇവിടെ മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്നും പരാതിയുണ്ട്. പകൽ സമയത്തുപോലും ഇവിടെ മദ്യപാനത്തിന് ആളെത്തുന്നുണ്ട്. പൊലീസ് വരുന്നതു കാണാനും രക്ഷപ്പെടാനുമുള്ള സൗകര്യമാണ് സാമൂഹ്യ വിരുദ്ധർക്ക് ഇവിടെയുള്ള സൗകര്യം. സാമൂഹ്യ വിരുദ്ധർക്കെതിരെ നിയമ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതിൽ രാമനാട്ടുകര സാംസ്കാരിക വേദിയും ആശങ്കയിലാണ്.രാമനാട്ടുകര ബൈപാസ് മുതൽ ഒമ്പതാം മൈൽസ് പെട്രോൾ പമ്പുവരെ നീളുന്ന അങ്ങാടിയിലാകമാനം ലഹരി വസ്‌തുക്കളുടെ വ്യാപനമുണ്ടെന്നും ഇതിന്റെ തുടർച്ചയാണ് അങ്ങാടിയിൽ നടന്ന കൊലപാതകമെന്നും സാംസ്‌കാരിക വേദി യോഗം വിലയിരുത്തി. കുറ്റവാളികളെ മണിക്കൂറുകൾക്കകം പിടികൂടിയ ഫറോക്ക് പൊലീസിനെ യോഗം അഭിനന്ദിച്ചു.

രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും, മുനിസിപ്പൽ - ​പൊ​ലീസ് - എക്സൈസ് അധികൃതരുടെയും സഹകരണത്തോടെ രാമനാട്ടുകരയിലെ ലഹരി വിമുക്തമാക്കുന്നതിനായി കർമ്മപദ്ധതി തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഹരിദാസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ശശിധരൻ, കെ.ടി. റസാഖ്, ഗോപി പുതുക്കോട്, ഇ. സച്ചിദാനന്ദൻ, സുന്ദർരാജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.സി. ബാബുരാജ് സ്വാഗതം പറഞ്ഞു.