coronavirus

മുക്കം: കൊറോണയെ പ്രതിരോധിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ കണ്ടെത്താൻ ജാഗ്രതയോടെ ശ്രദ്ധിക്കുന്നുണ്ട്. ഇവരെ നിർബന്ധപൂർവം നിരീക്ഷണത്തിലാക്കുകയാണ്. ബോധവത്കരണവും പ്രതിരോധ നടപടികളും തുടരുന്നതിനിടയിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ സംഖ്യ വലിയ തോതിലല്ലെങ്കിലും കൂടി വരികയാണ്.

മലയോര മേഖലയിലെ നഗരസഭാ പരിധിയിലും നാലു പഞ്ചായത്തുകളിലുമായി 382 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കാരശേരി പഞ്ചായത്തിൽ നിന്നു രണ്ടു പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലായത്. പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ ഈ രണ്ടു പേരെയും കഴിഞ്ഞ ദിവസം വീടുകളിലേയ്ക്ക് തിരിച്ചയച്ചു. 96 പേരാണ് ഇനി കാരശ്ശേരിയിൽ നിരീക്ഷണത്തിലുള്ളത്.

മുക്കം നഗരസഭയിൽ 121 പേരുണ്ട്. കൊടിയത്തൂരിൽ 67 ഉം തിരുവമ്പാടിയിൽ 63 ഉം കൂടരഞ്ഞിയിൽ 35 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്ന് എത്തുന്നവർ യഥാസമയം തദ്ദേശ ഭരണസ്ഥാപനങ്ങളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന നിർദ്ദേശം പാലിക്കാത്തതും നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ച് പുറത്ത് പോകുന്നതും അധികൃതരെ അലട്ടുന്നുണ്ട്. ഇത്തരക്കാരെ പൊലീസിന്റെ സഹായത്തോടെ കൈകാര്യം ചെയ്യാനാണ് നീക്കം.