കോഴിക്കോട്: കൊറോണ പ്രതിരോധത്തിനുള്ള ഹാൻഡ് സാനിറ്റൈസറിന്റെ വില്പന ജയിൽ കൗണ്ടറിൽ തുടങ്ങി. ജയിൽ വകുപ്പ് നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറാണ് മിനി ബൈപാസിൽ പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് എതിർ വശത്തുള്ള കൗണ്ടറിൽ വിൽക്കുന്നത്.
125 മില്ലി ലീറ്ററിന്റെ കുപ്പിക്ക് 80 രൂപയീണ് വില. പൊതുമാർക്കറ്റിൽ ഇതിന് 200 മുതൽ 300 രൂപ വരെയാണ് വില. ചിലയിടങ്ങളിൽ വില കൊടുത്താലും ലഭിക്കാത്ത അവസ്ഥയാണ്. ഇതിന് പരിഹാരമായിട്ടാണ് ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കാൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് കോഴിക്കോട് ജില്ലാ ജയിലിൽ നിർമ്മാണം ആരംഭിച്ചതെന്ന് ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വിനോദ്‌കുമാറും ജയിൽ സൂപ്രണ്ട് വി. ജയകുമാറും പറഞ്ഞു. ഇതിനുള്ള ഫോർമുല കൊടുത്തത് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് നൽകിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ നേരെത്തെ തന്നെ സാനിറ്റൈസർ നിർമ്മാണം ആരംഭിച്ചിരുന്നു. ഇവിടെ തടവുകാരായുള്ള കെമിസ്ട്രി ബിരുദാനന്തര ബിരുദധാരിയുടെയും ഫാർമസിസ്റ്റിന്റെയും സഹായത്തോടെയാണ് നിർമ്മാണം ആരംഭിച്ചത്.
സാനിറ്റൈസർ വില്പനയിൽ ലാഭം പ്രതീക്ഷിക്കുന്നില്ലെന്ന് ജയിൽ ഡി.ഐ.ജി പറഞ്ഞു. സാമൂഹ്യ സേവനം എന്ന നിലയിലാണ് നിർമ്മാണം ഏറ്റെടുത്തത്. ഇതിനിടെ സബ് ജയിൽ, സ്‌പെഷ്യൽ ജയിലുൾപ്പെടെ എല്ലാ ജയിലുകളിലും മാസ്‌ക് നിർമ്മിക്കാൻ ജയിൽ ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉത്തര മേഖലയിലെ മുഴുവൻ ജയിലുകളിലും മാസ്‌ക് നിർമ്മാണം ആരംഭിച്ചതായി ഡി.ഐ.ജി പറഞ്ഞു.