കോഴിക്കോട്: കൊറോണ വ്യാപനം തടയുന്നതിനായി യുദ്ധകാല പ്രവർത്തനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ഈ രീതിയിൽ രോഗവ്യാപനം നടന്നാൽ സ്റ്റേജ് മൂന്നിലേക്ക് (കമ്മ്യൂണിറ്റി സ്‌പ്രഡ്) എത്താൻ സാദ്ധ്യതയുണ്ടെന്നാണ് ഐ.എം.എയുടെ കണക്കുകൂട്ടൽ. ഇങ്ങനെ വന്നാൽ പത്ത് ദിവസം കൊണ്ട് ആയിരം പേരിലേക്ക് വരെ രോഗം പകരാൻ സാദ്ധ്യതയുണ്ട്.
ചെറുപ്രായക്കാരിൽ രോഗം വലിയവിപത്ത് സൃഷ്ടിക്കില്ലെങ്കിലും അറുപത് വയസ് കഴിഞ്ഞവരുടെ മരണസംഖ്യ 15 ശതമാനത്തോളം വരും. ഈ സാഹചര്യത്തിൽ മരണ സംഖ്യ കുറയ്‌ക്കാനായിരിക്കും ഊന്നൽ. ഇങ്ങനെയൊരു അവസ്ഥ വന്നാൽ സർക്കാർ- സ്വകാര്യ ആശുപത്രികൾ ഒരു കുടക്കീഴിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടി വരും. ഇതിനായി ജില്ലയിലെ ആശുപത്രികളിലെ ഐ.സി.യു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും എണ്ണം ഐ.എം.എ ശേഖരിക്കുന്നുണ്ട്. വലിയതോതിലുള്ള വിഭവസമാഹാരണവും ആൾശേഷിയും ഇതിന് വേണം.
സ്റ്റേജ് 3 എത്തിയാൽകൊറോണ പടരാനുള്ള സാദ്ധ്യത
- 2,4,8,16,32,64,128,256,512,1024 എന്ന തോതിൽ
ഐ.എം.എ നിർദ്ദേശങ്ങൾ
കൈകഴുകൽ സംസ്‌കാരത്തിന്റെ ഭാഗമാക്കണം
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക
രോഗികളുടെ കൂട്ടിരിപ്പുകാരെ നിയന്ത്രിക്കുക
ആശുപത്രിയിൽ കടക്കുന്നതിനും തിരിച്ച് പോകുന്നതിനും മുമ്പ് സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈ കഴുകുക
രോഗികൾക്ക് ഡോക്ടറുമായി ഡിജിറ്റൽ കൺസൾട്ടേഷൻ നടത്താം.
വാട്സ്‌ആപ്പിലൂടെ തുടർചികിത്സക്ക് ഡോക്ടർമാരെ ബന്ധപ്പെടാൻ സൗകര്യം
ആശുപത്രിയിലേക്ക് പോകുന്നതും തിരിച്ചിറങ്ങുന്നതും പ്രത്യേകം മാർഗത്തിലൂടെയായിരിക്കണം.
ഇത്തരം മാർഗത്തിൽ ആളുകൾ കൂട്ടംകൂടരുത്
ഡോക്ടർമാരെ സംരക്ഷിക്കണം
ഡോക്ടർമാർ നിരീക്ഷണത്തിലായാൽ അയാളുടെ സേവനം പതിനാല് ദിവസത്തേക്ക് ലഭിക്കില്ലെന്ന് ഒരോ വ്യക്തികളും മനസിലാക്കണം. അതിനാൽ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗങ്ങളുമായി വരുന്ന രോഗികൾ അതാത് ആശുപത്രിയിലെ ഫീവർ ക്ലിനിക്കുമായി ബന്ധപ്പെടണം. ഇതിനോടൊപ്പം ഡെങ്കുപ്പനിയടക്കമുള്ള സാക്രംമിക രോഗങ്ങൾ തടയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഐ.എം.എയിലെ എല്ലാ അംഗങ്ങളോടും കൊറോണ പ്രതിരോധത്തിന്റ് ഭാഗമാവാൻ സംഘടന ആഹ്വാനം ചെയ്തു.
'സ്റ്റേജ് 3 തടയണമെങ്കിൽ ഓരോ വ്യക്തിയും വീടുകളിൽ ഒതുങ്ങേണ്ടി വരും. അത്യാവശ്യമല്ലാത്ത യാത്രകൾ, വിവാഹങ്ങൾ, പാർട്ടികൾ തുടങ്ങിയവ മാറ്റിവെക്കേണ്ടി വരും. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾ പുറംലോകവുമായി ബന്ധപ്പെടരുത്. ഇങ്ങനെയുള്ള വ്യക്തികളുടെ ശാരീരിക വിഷമതകൾ മനസിലാക്കി അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ മറ്റുള്ളവർ തയ്യാറാകണം".
- ഡോ. അജിത്ത് ഭാസ്‌ക്കർ, ഐ.എം.എ നോർത്ത് സോൺ സെക്രട്ടറി