corona

കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഗവ. ബീച്ച് ആശുപത്രിയിലെ തിരക്ക് പകുതിയായി കുറഞ്ഞു. ശരാശരി 3000 ആളുകളെത്തുന്ന ഒ.പിയിൽ ഇപ്പോൾ ആയിരത്തി അഞ്ഞൂറോളം രോഗികളാണെത്തുന്നത്. മെഡിസിൻ, യൂറോളജി, നേത്ര വിഭാഗം തുടങ്ങിയ ഒ.പികളിൽ തിരക്ക് കുറവാണ്. അത്യാഹിത വിഭാഗത്തിലും സമാന അവസ്ഥയാണ്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മുതൽ സന്ദർശകർക്ക് വിലക്കുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്. രോഗികൊൾപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രി സൂപ്രണ്ട് വി. ഉമ്മർഫാറൂഖിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ഹോസ്‌പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം.
ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം പേരും മാസ്‌ക്ക് ധരിക്കുന്നുണ്ട്.

 പ്രതിരോധിക്കാൻ പ്രത്യേക സംവിധാനം

പനിയും അനുബന്ധ ലക്ഷണങ്ങളുമായെത്തുന്നവർക്ക് അത്യാഹിക വിഭാഗത്തിന് സമീപം കവാടത്തിന് മുന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു. കൊറോണയുമായി ബന്ധപ്പെട്ട കേസുകൾക്കായി പൊതു ഒ.പിയായ ട്രെയാജ് ഏരിയ ഒന്നിലും, വിദേശത്തു നിന്നെത്തിയവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ട്രെയാജ് ഏരിയ രണ്ടിലും, കൊറോണ സ്‌ക്രീനിംഗിനായി ട്രെയാജ് ഏരിയ മൂന്നിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഹെൽപ്പ് ഡെസ്‌ക്കുകളിലൂടെ വന്നവരാണെങ്കിൽ ആദ്യപടിയായി തെർമൽ ഗൺ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന നടത്തും. തുടർന്ന് രോഗബാധിതരാണെങ്കിൽ സ്‌പെഷ്യൽ ഒ.പിയിലെ ഡോക്ടർമാർ പരിശോധിക്കും. തുടർന്ന് ഒ.പിക്കുള്ളിലൂടെയുള്ള സ്‌പെഷ്യൽ എൻട്രൻസിലൂടെ ഐസൊലേഷൻ വാർഡുകളിൽ അഡ്മിറ്റ് ചെയ്യും. ഇതിനായി രണ്ട് ഐസൊലേഷൻ വാർഡുകളുണ്ട്. ഒന്നാം വാർഡിൽ പത്തും, രണ്ടാം വാർഡിൽ ആറും രോഗികളെ ഉൾക്കൊള്ളുന്നതാണ് ഈ വാർഡുകൾ. രോഗാവമില്ലെങ്കിൽ മരുന്നുകൾ നൽകി 14 ദിവസം ഹോം ക്വാറന്റയിനും നിർദേശിക്കും.

നിലവിലെ അവസ്ഥ

 ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുള്ളത്- 7 പേർ

 നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരും

 അഞ്ച് സ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചു

 രണ്ടെണ്ണത്തിന്റെ പരിശോധന ഫലം നെഗറ്റീവ്

 മാസ്‌ക്ക് വിതരണം
ഐസൊലേഷൻ വാർഡ്, ഓപറേഷൻ തീയേറ്റർ,അത്യാഹിക വിഭാഗം, ഐ.സി.യു എന്നിവിടങ്ങളിലായി ദിവസവും 2000 മാസ്‌ക്കുകളാണ് വേണ്ടത്. കൂടാതെ നഴ്‌സുമാർക്കും രോഗികൾക്കും അവർക്ക് കൂട്ടിരിക്കുന്ന ചുമ പോലുള്ള അസുഖമുള്ളവർക്കും ഹെൽപ്പ് ഡെസ്‌ക്കുകളിൽ കൊറോണ ലക്ഷണങ്ങളുമായെത്തുന്നവർക്കും മാസ്‌ക്കുകൾ സൗജന്യമായി നൽകുന്നുണ്ടെന്ന് സൂപ്രണ്ട് ഉമ്മർ ഫാറൂഖ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് വരെ മാസ്‌ക്കുകൾക്ക് ക്ഷാമമുണ്ടായിരുന്നു. ഇപ്പോൾ താത്കാലിക പരിഹാരമായിട്ടുണ്ട്. നിലവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് മാസ്‌ക്കുകൾ നൽകുന്നത്.

'രോഗികൾ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ആശുപത്രികൾ സന്ദർശിക്കുക. വിദേശങ്ങളിൽ നിന്നെത്തുന്ന മലയാളികളിൽ ഭൂരിഭാഗവും ഹെൽപ്പ് ഡെസ്‌ക്കുകൾ വഴിയാണെത്തുന്നത്. ഇതിൽ രോഗ ലക്ഷണമുള്ളവരും അല്ലാത്തവരും ഉൾപ്പെടും. ഇത്തരക്കാർ കൂടുതലെത്തുന്നത് ആശുപത്രിയിലെ മറ്റുള്ളവരിലേക്ക് രോഗ വ്യാപ്‌തി വർദ്ധിക്കും. അതിനാൽ രോഗ ലക്ഷങ്ങൾ കാണിക്കുന്ന യാത്രക്കാർ മാത്രം ബീച്ച് ഹോസ്പിറ്റലിൽ വരണം. അല്ലാത്തവർ വീടിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിൽ റിപ്പോർട്ട് ചെയ്താൽ മതി. പ്രൈമറി ഹെൽത്ത് സെന്ററുകളിലെ പരിശോധനകളിൽ രോഗാവസ്ഥ ശ്രദ്ധയിൽപെട്ടാൽ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം മാത്രം തുടർ ചികിത്സക്കായി ബീച്ച് ആശുപത്രിയിലെത്തിയാൽ ഒരു പരിധി വരെ രോഗം പകരുന്നത് തടയാം".

- ഉമ്മർ ഫാറൂഖ്, ആശുപത്രി സൂപ്രണ്ട്