കോഴിക്കോട്: ജില്ലയിൽ ഇന്ന് ഉഷ്ണതരംഗമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പകൽ സമയത്ത് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം. ഇന്നലെയും ഇന്നും ജില്ലയിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. താപനില 38.5 ഡിഗ്രി സെഷൽഷ്യസ് വരെ ഉയരും. ഇന്നലെ 37 .8 ഡിഗ്രി വരെ ചൂട് ഉയർന്നു.
ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 4. 5 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ കർശനമായും വീടുകളിൽ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലയിൽ ചൂട് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിട്ടി പൊതുജനങ്ങൾക്കായി പുറപ്പെടുപ്പിച്ച പ്രത്യേക മുൻകരുതൽ കർശനമായി പാലിക്കണം. ചൂട് മൂലമുള്ള തളർച്ചയോ മറ്റാരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായാലുടൻ പ്രഥമ ശുശ്രൂഷയും വൈദ്യസഹായവും നൽകണം.
ഈ നിർദ്ദേശങ്ങൾ പാലിക്കുക
ധാരാളം വെള്ളം കുടിക്കുക
വെള്ളം കൈയിൽ കരുതുക
പകൽ സമയത്ത് മദ്യം കഴിക്കരുത്
അയഞ്ഞ ഇളം നിറത്തുള്ള നേരിയ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
കുടയോ തൊപ്പിയോ ഉപയോഗിക്കുക
പരീക്ഷ കേന്ദ്രങ്ങളിൽ ശുദ്ധജലം ഉറപ്പാക്കുക
പഴ വർഗങ്ങൾ കഴിക്കുക
ഒ.ആർ.എസ് ലായനി കഴിക്കുക
സൂക്ഷിക്കേണ്ടവർ
നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാദ്ധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നവർ പകൽ സമയത്ത് തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കണം. ധാരാളമായി വെള്ളവും കുടിക്കണം.
വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം
വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജലം ഉറപ്പാക്കാനും ശ്രദ്ധിക്കണം.
പ്രായമായവരും ഗർഭിണികളും സൂക്ഷിക്കണം
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരപത്. എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം.
പക്ഷികളെയും മൃഗങ്ങളെയും പരിരക്ഷിക്കണം
വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പക്കാനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.