കോഴിക്കോട്: കൊറോണ പശ്ചാത്തലത്തിൽ വീടുകളിൽ മാനസിക പിരിമുറുക്കത്തിൽ കഴിയുന്നവർക്ക് താങ്ങായി സൈക്കോ സോഷ്യൽ കൗൺസിലർമാർ.
കൊറോണ ഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള മലയാളികൾ അടക്കം നിരവധി പേരാണ് ജില്ലയിലേക്ക് എത്തിയത്. ഇവർക്ക് പ്രാഥമിക പരിശോധനക്ക് ശേഷം രണ്ടാഴ്ചക്കാലം വീടുകളിൽ നീരിക്ഷണത്തിൽ കഴിയാനുള്ള ക്വാറന്റൈനാണ് ഏർപ്പെടുത്തിയത്. എന്നാൽ പുറം ലോകവുമായി ബന്ധപ്പെടാതെ വീടുകളിൽ കഴിയേണ്ടി വരുന്നത് ഇത്തരക്കാരിൽ പലർക്കും കടുത്ത മാനസിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവർക്ക് മാനസിക പിന്തുണ നൽകുന്നതിനായി കൗൺസിലർമാരുടെ സേവനം ഉപയോഗിക്കുന്നത്.
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രവർത്തിക്കൂന്ന സൈക്കോ സോഷ്യൽ കൗൺസലർമാരുടെ സേവനം ഇതിനായി വിനിയോഗിക്കാമെന്ന് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സ്‌കൂൾ കൗൺസലർമാർ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കേന്ദ്രീകരിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോണിൽ ആശയ വിനിമയം നടത്തി. ഏതെങ്കിലും ആവശ്യം വരികയാണെങ്കിൽ വിവിധ സർക്കാർ ഏജൻസികളിലായി പ്രവർത്തിക്കുന്ന കൗൺസലിംഗ് കേന്ദ്രങ്ങളിൽ 24 മണിക്കൂർ സേവനം സജ്ജമാണെന്നും അവിടെ ബന്ധപ്പെടാമെന്നും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ ധരിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ 35 സ്‌കൂൾ കൗൺസിലർമാരാണ് ഇതിനായി ഇന്നലെ രംഗത്തിറങ്ങിയത്. വിദേശത്തു നിന്ന് എത്തിയവരുടെ പേര് വിവരങ്ങൾ ശേഖരിച്ചാണ് ഇവരുമായി ബന്ധപ്പെട്ടതെന്നു കൗൺസലർമാർ പറഞ്ഞു. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന 25 മുതൽ 30 വരെ ആളുകളുമായി ഒരു ദിവസം ഇവർ ആശയ വിനിമയം നടത്തും. തുടർന്നുള്ള ദിവസങ്ങളിലും കൗൺസലർമാർ സജീവമായി രംഗത്തുണ്ടാവും.