നിലമ്പൂർ: മൂത്തേടം ബാലംകുളം ചോളമുണ്ടയിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ വൃദ്ധൻ പൊള്ളലേറ്റ് മരിച്ചു. ചോളമുണ്ട പൊറ്റയിൽ അലവിണ്ണി (80) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ റബർ, തെങ്ങ്, കശുമാവ് ഉൾപ്പെടെ ആറേക്കറോളം കൃഷി പൂർണ്ണമായും കത്തി നശിച്ചു. തീ അണക്കാൻ അലവിണ്ണി ഉപയോഗിച്ച മരത്തിന്റെ ചില്ലകൾ മരിച്ചുകിടന്നതിന്റെ സമീപത്തുണ്ട്. തീ കണ്ട് സമീപവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നിലമ്പൂരിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങളും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇതിനിടെയാണ് അലവിണ്ണിയെ ഇയാൾ താമസിക്കുന്ന ഷെഡിന്റെ 100 മീറ്റർ അകലെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടത്. ഇതിന് സമീപം നാല് കന്നുകാലികളെയും കെട്ടിയിട്ടിരുന്നു. കയർ തീയിൽ കരിഞ്ഞതോടെ ഇവ രക്ഷപ്പെട്ടു. മരിച്ച പൊറ്റങ്ങൽ അലവി, ഉള്ളാട്ടിൽ ശോഭന, പൊത്തംകോടൻ പാത്തുമ്മ, അലവി കലക്കപാറ എന്നിവരുടെയും കാരപ്പുറം മദ്രസയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. വർഷങ്ങളായി കൃഷിയിൽ സജീവമായ അലവിണ്ണി സ്ഥലത്തോട് ചേർന്ന പഴയ ഷെഡിലാണ് താമസിക്കുന്നത്. തീപിടിത്തതിന് അരമണിക്കൂർ മുമ്പ് അലവിണ്ണിയെ കൃഷിയിടത്തിൽ കണ്ടിരുന്നതായി സമീപവാസികൾ പറയുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, മൂസ, കരീം, ഷംസുദ്ദീൻ, സിദ്ദിഖ്. മരുമക്കൾ: സെലീന, മൊഹസീന, സെമിന.മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.