പാലക്കാട്: കനത്ത വേനലിൽ സംസ്ഥാനത്തെ ചൂട് ഈ വർഷം ആദ്യമായി 41 ഡിഗ്രി സെൽഷ്യസിലെത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിലാണ് ഏറ്റവും കൂടിയ ചൂട് ഇന്നലെ രേഖപ്പെടുത്തിയത്. അഞ്ചുദിവസം തുടർച്ചയായി രേഖപ്പെടുത്തിയ 40 ഡിഗ്രിക്ക് ശേഷമാണ് താപനില 41ലെത്തിയത്. കുറഞ്ഞ ചൂട് 25 ഡിഗ്രി. ആർദ്രത 38%.
പട്ടാമ്പി മേഖലയിലും ചൂട് കനത്തു. 39 ഡിഗ്രിയാണ് ഉയർന്ന താപനില. കുറഞ്ഞത് 20 ഡിഗ്രി. ആർദ്രത രാവിലെ 69 ശതമാനവും വൈകിട്ട് 21 ശതമാനവും രേഖപ്പെടുത്തി. ചൊവ്വാഴ്ച 36.6 ഡിഗ്രിയായിരുന്ന ചൂടാണ് ഒരു ദിവസത്തിനുള്ളിൽ 39 ആയി വർന്ധിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 37.8 ഡിഗ്രിയായിരുന്നു മേഖലയിലെ കൂടിയ ചൂട്.
മലമ്പുഴ അണക്കെട്ട് പ്രദേശത്ത് 37.2 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില. കുറഞ്ഞത് 26.6 ഡിഗ്രി. ആർദ്രത 27%. വരണ്ട കാറ്റ് ചൂടിന് ആക്കം കൂട്ടുന്നുണ്ടെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു. ഈ മാസം 13നാണ് ചൂട് 40 ഡിഗ്രി എത്തിയത്. പിന്നീടുള്ള ദിവസങ്ങളിലും 40 ഡിഗ്രി തുടർതോടെ ചുട്ടുപൊള്ളുന്ന വെയിലിൽ ജനജീവിതം ദുസഹമായി.
കഴിഞ്ഞ വർഷം മാർച്ച് 15നാണ് ചൂട് ആദ്യമായി 41 ഡിഗ്രിയിൽ എത്തിയത്. പിന്നീട് 25, 26, 27, 28 തീയതികളിലും ഏപ്രിലിൽ രണ്ടുദിവസവും 41 ഡിഗ്രി രേഖപ്പെടുത്തി.