കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാൻ മഹല്ല് കമ്മറ്റികളും പള്ളി ഭാരവാഹികളും ജാഗ്രത പുലർത്തണമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മതസംഘടനകളുടെ യോഗത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മഹല്ല് കമ്മറ്റികൾ പരമാവധി സഹകരിക്കണം.
മഹല്ല് കമ്മറ്റികൾ ശുചിത്വത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണം. പള്ളികളിൽ സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഏർപ്പാട് ചെയ്യണം. ഖത്തീബ്/ ഇമാമുമാർ ബോധവൽക്കരണ പ്രവെത്തനങ്ങൾക്ക് നേതൃത്വം നൽകണം.
കുട്ടികൾ , പ്രായമായവർ, രോഗികൾ, വിദേശയാത്ര കഴിഞ്ഞു വന്നവർ എന്നിവർ പളളികളിൽ വരേണ്ടതില്ല.
ഹൗളുകളിൽ നിന്ന് അംഗശുദ്ധി വരുത്തുന്നത് നിറുത്തിവയ്ക്കണം.
യോഗത്തിൽ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.ടി.കെ. ഹംസ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ പി.ടി.എ.റഹീം (എം.എൽ.എ.), പി.ഉബൈദുള്ള (എം.എൽ.എ.), എം.സി.മായിൻഹാജി, അഡ്വ.പി.വി.സൈനുദ്ദീൻ, അഡ്വ.എം.ഷറഫുദ്ദീൻ, പ്രൊഫ.കെ.എം.അബ്ദുറഹീം, റസിയ ഇബ്രാഹീം, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മദ്രസാ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൽഗഫൂർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ഉമർ ഫൈസി മുക്കം, കെ.മോയിൻകുട്ടി (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ) എൻ.അലി അബ്ദുള്ള, പ്രൊഫ. എ.കെ.അബ്ദുൽഹമീദ്, യഅ്ഖൂബ് ഫൈസി (കേരള മുസ്ലിം ജമാഅത്ത്) ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ.ഹുസൈൻ മടവൂർ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് (കെ.എൻ.എം) പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി (ജമാഅത്തെ ഇസ്ലാമി) ഡോ.അബ്ദുസ്സലാം ഐ.പി., അഡ്വ.മുഹമ്മദ് ഹനീഫ, (കെ.എൻ.എം.മർകസുദ്ദഅ്‌വ) സജാദ്.കെ. (ഗ്ലോബൽ വിസ്ഡം), അബുൽ ഹൈർ മൗലവി (തബ്‌ലീഗ്), ഡോ.ഫസൽ ഗഫൂർ, ഇ.കെ.അബ്ദുൽ ലത്തീഫ് (എം.ഇ.എസ്), പാളയം പള്ളി ഇമാം വി.പി. ശുഹൈബ് മൗലവി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.എം.ജമാൽ എന്നിവർ പങ്കെടുത്തു.