പേരാമ്പ്ര: മുയിപ്പോത്ത് കരുവോട് പാടശേഖരത്തിലെ 200 ഏക്കറിലേറെ നിലത്ത് പുഞ്ചക്കൃഷി ആവശ്യത്തിന് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുന്നു. പരിഹാരത്തിന് പോംവഴിയില്ലാതെ കർഷകർ വല്ലാത്ത ആശങ്കയിലാണ്.
ഇവിടെ ഏതാണ്ട് 25 കർഷകരാണ് കൃഷിയിറക്കിയത്. പലരും വായ്പയെടുത്ത് ചെലവിന് തുക സമാഹരിച്ച് രംഗത്തിറങ്ങിയതായിരുന്നു. ഇതിപ്പോൾ തികച്ചും ഭാഗ്യപരീക്ഷണമെന്ന നിലയിലായി.
ഇത്തവണ രണ്ടു തവണ മാത്രമേ കനാൽ വെള്ളം ലഭിച്ചിട്ടുള്ളൂ. കരുവോട് പാടശേഖര സമിതി അംഗങ്ങൾ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ആവലാതി നിരത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസം കനാൽ തുറന്നതാണ്. എന്നാൽ, ആവശ്യത്തിന് വെള്ളം കൃഷിയിടങ്ങളിൽ എത്തിയില്ലെന്ന് കർഷകർ പറയുന്നു. ഇനി മാർച്ച് അവസാനത്തോടെ മാത്രമെ തുറക്കാൻ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ.
ജലസേചനത്തിന്റെ കാര്യത്തിൽ അധികൃതർ കടുംപിടിത്തം അവസാനിപ്പിച്ചില്ലെങ്കിൽ എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യമാണ് കർഷകരുടേത്. വെള്ളം കിട്ടിയില്ലെങ്കിൽ പുഞ്ചകൃഷി പാടെ നശിക്കുന്ന അവസ്ഥയാകും വന്നുപെടുകയെന്നും അവർ പറയുന്നു.
''കൃഷിയ്ക്ക് ആവശ്യത്തിന് വെള്ളം ഉറപ്പാക്കാൻ പഞ്ചായത്തും ജലസേചന വകുപ്പ് അധികൃതരും അടിയന്തരശ്രദ്ധ പതിപ്പിക്കണം. കൃഷി വകുപ്പുകാർ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ടേ പറ്റൂ.
കരുവോട് പാടശേഖര
സമിതി ഭാരവാഹികൾ