മുക്കം: ഏറെ നാളായി പുകയുന്ന കോൺഗ്രസ്സിലെ ഗ്രൂപ്പ് വൈരം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നു. ഒടുവിൽ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന കടുത്ത നടപടിയിലേയ്ക്ക് ഐ ഗ്രൂപ്പാണ് നീങ്ങുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രത്യക്ഷസമരം നടത്താനാണ് ഐ ഗ്രൂപ്പിലെ പ്രധാന പ്രവർത്തകർ പങ്കെടുത്ത യോഗത്തിന്റെ തീരുമാനം. സമവായനടപടിയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡൻ്റ് ഐ ഗ്രൂപ്പിനു നൽകിയ മുക്കം ,കാരശ്ശേരി, കൊടിയത്തൂർ, കുടരഞ്ഞി മണ്ഡലം പ്രസിഡൻറുമാരുടെ പദവി കൂടിയാലോചനകളൊന്നും കൂടാതെ ജില്ല പ്രസിഡന്റ് ഏകപക്ഷീയമായി എടുത്തു മാറ്റിയതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ച പ്രധാന നടപടി. മുക്കം സർവിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് പദവി സംബന്ധിച്ചും സമാന നടപടിയാണുണ്ടായത്.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജില്ല കോൺഗ്രസ് പ്രസിഡന്റും തമ്മിലുണ്ടാക്കിയ കരാർ വ്യവസ്ഥയനുസരിച്ച് 2020 ജനുവരി 10ന് ഐ ഗ്രൂപ്പിന് കൈമാറേണ്ടതാണ് പ്രസിഡൻ്റ് പദവി. ഇതും ജില്ല പ്രസിഡൻറ് തന്നെയാണ് അട്ടിമറിച്ചതെന്ന് ഐ ഗ്രൂപ്പ് യോഗം വിലയിരുത്തി. കാരശ്ശേരിയിൽ പാർട്ടി ഓഫീസ് നിർമിക്കാൻ വാങ്ങിയ സ്ഥലം മറിച്ചുവിറ്റ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റിൻ്റെ നടപടിയും മുക്കത്ത്പാർട്ടി ഓഫീസ് കെട്ടിട നിർമ്മാണത്തിനുള്ള 12 ലക്ഷം രൂപ ഒരു മുൻ മണ്ഡലം പ്രസിഡൻ്റ് കൈവശം വയ്ക്കുന്നതും പാർട്ടി ഫണ്ട്45 ലക്ഷം രൂപ മുൻ ബാങ്ക് പ്രസിഡൻ്റ് തിരിച്ചേൽപിക്കാത്തതും അടക്കം അനവധി കുറ്റാരോപണങ്ങളാണ് എ ഗ്രൂപ്പിനും നേതാക്കൾക്കുമെതിരെ ഐ ഗ്രൂപ്പ് ഉന്നയിക്കുന്നത്. മൂക്കം മണ്ഡലം കമ്മറ്റി ജില്ലാ കമ്മറ്റിക്ക് വാങ്ങി നൽകിയ ഇന്നോവ കാർ മുൻ ജില്ലാ പ്രസിഡൻ്റിൽനിന്ന്തിരിച്ചുവാങ്ങുക, അകാരണമായി പാർടിയിൽ നിന്നുപുറത്താക്കിയ പുതുപ്പാടി മണ്ഡലത്തിലെ പ്രവർത്തകരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഐ ഗ്രൂപ്പ് ഉന്നയിക്കുന്നു. പ്രതിഷേധ സൂചകമായി എല്ലാ പാർടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.