coronavirus

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് കൊറോണ രോഗി രക്ഷപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തുകയല്ല പ്രധാന ലക്ഷ്യം. ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.

രോഗി ഇപ്പോൾ മാഹി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ മറ്റൊരു ചോദ്യവും ഉയർന്നു വരുന്നുണ്ട്. മാഹി ആശുപത്രിയിൽ തന്നെ ചികിത്സാസൗകര്യം ലഭ്യമായിരിക്കെ എന്തിന് രോഗിയെ ഇത്രദൂരം യാത്ര ചെയ്ത് കോഴിക്കോട്ട് എത്തിച്ചുവെന്ന്. കൊറോണ വ്യാപനം തടയുന്നതിൽ ഏറ്റവും പ്രാഥമികമായ കാര്യം യാത്ര ഒഴിവാക്കുകയും മറ്റുള്ളവരുമായി ഇടപെടാൻ അവസരം ഇല്ലാതാക്കുകയുമാണ്. മാഹിയിൽ തന്നെയുള്ള ഐസൊലേഷർ വാർഡിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിൽ അനേകം പേർക്ക് രോഗം പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നതും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ഇനിയെങ്കിലും ഇതൊരു പാഠമായി എടുത്ത് കൊറോണ രോഗികളെ ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നത് ഒഴിവാക്കണം.

രോഗി വന്ന വിമാനത്താവളത്തിലെ 34 യാത്രക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ്. രോഗി ഭക്ഷണം കഴിച്ച വടകരയിലെ കോഫി ഹൗസ് അടച്ചുപൂട്ടി.