ഫറോക്ക്: അഞ്ച് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി സഹോദരങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമുഖം എളയേടത്ത് പറമ്പ് മുനീർ (37), സഹോദരൻ ഷൈൻ (34) എന്നിവരെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 7500 പാക്കറ്റ് ഹാൻസും പിടിച്ചെടുത്തു.
നല്ലൂർ മനിസ്റ്റേഡിയം പരിസരം കേന്ദ്രീകരിച്ചു വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി പൊലീസിനു രഹസ്യം വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മുനീർ പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഫറോക്ക് എസ്.എച്ച്.ഒ കെ.കൃഷ്ണന്റെ നേതൃത്വത്തിൽ പെരുമുഖത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടച്ചിട്ട മുറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ഇതര സംസ്ഥാന ചരക്കു ലോറികളിലെത്തിക്കുന്ന ഇവ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് വിൽക്കുന്നത്. ചില്ലറ വില്പനക്കാർക്കും കൊടുക്കും. ഇവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഐമാരായ കെ. മുരളീധരൻ, എം.സി. ഹരീഷ്, എൻ.ആർ. സുജിത്ത്, സി.പി.ഒമാരായ കെ. മനാഫ്, പി. ശിവാനന്ദ്, സനത്ത് റാം എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.