coronavirus

കോഴിക്കോട്: കൊറോണയ്‌ക്കെതിരായ കോർപറേഷന്റെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 75 വാർഡുകളിലും കൗൺസിലർ ചെയർമാനായും ജെ.പി.എച്ച്.എൻ കൺവീനറായും മേഖലാ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കുടുംബശ്രീ, ആശാ പ്രവർത്തകർ എന്നിവരെയും ഉൾപ്പെടുത്തി ആർ.ആർ. ടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സജ്ജമാക്കി.

ഇതുവഴി 640 പേരെ ഹോം ക്വാറന്റൈനിലാക്കാൻ സാധിച്ചെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇവർക്ക് പ്രത്യേക നിരീക്ഷണവും നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

വിദേശത്തു നിന്നെത്തുന്നവർ പൊതുവാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനും ഹോം ക്വാറന്റയിനിൽ തുടരുന്നുണ്ടെന്നും ആർ.ആർ.ടി ഉറപ്പാക്കുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്തവരെ പൊലീസ് സഹായത്തോടെ കണ്ടെത്തി ക്വാറന്റെയിനിലാക്കു. ഇതിന് റസിഡന്റ്സ് അസോസിയേനുകളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരും പിന്തുണ നൽകുന്നുണ്ട്. വർഡുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മേയറുടെ നേതൃത്വത്തിൽ കോർപറേഷൻതല ആർ.ആർ.ടി 24 മണിക്കൂറും പ്രവർത്തിക്കും.

പാളയം ബസ് സ്റ്റാൻഡ്, മൊഫ്യൂസൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ദിവസവും രണ്ട് സ്‌ക്വാഡും, കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മൂന്ന് ഷിഫ്ടുകളിലായി ആരോഗ്യവിഭാഗം ജീവനക്കാരെയും മെഡിക്കൽകോളേജ് വിദ്യാർത്ഥികളെയും സന്നദ്ധസംഘടനകളെയും ഉൾപ്പെടുത്തി 25 സ്‌ക്വാഡുകൾ വീതം സജീകരിച്ച് യാത്രക്കാർക്ക് പ്രാഥമിക സക്രീനിംഗ് നടത്തുന്നുണ്ട്.

പ്രതിദിനം സന്നദ്ധപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ പാരമെഡിക്കൽ വിദ്യാർത്ഥികൾ, പൊലീസ് എന്നിവരുൾപ്പെടെ 120 പേർ പ്രവർത്തിക്കുന്നുണ്ട്.

 ബ്രേക്ക് ദി ചെയിൻ പ്രവർത്തനം

'ബ്രേക്ക് ദി ചെയിൻ' പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡിൽ നാലിടത്തും, പാളയം, കെ.എസ്.ആർ.സി സ്റ്റാൻഡുകളിൽ മൂന്ന് മേഖലാ ഓഫീസുകളിലും കോർപറേഷൻ നേരിട്ടും, കോർപറേഷൻ ഓഫീസിൽ ജീവനക്കാരുടെ സംഘനടയും നഗരത്തിലെ മറ്റു പ്രധാന പോയന്റുകളിലും സന്നദ്ധസംഘടനകളും ഹാന്റ് വാഷ് സൗകര്യം ഒരുക്കി.

 കുടുംബശ്രീ വഴി 5000 മാസ്‌കുകൾ

കോർപറേഷൻ കുടുംബശ്രീ യൂണിറ്റിൽ നിന്ന് പ്രതിദിനം 5000 മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്. ജീവനക്കാർക്കും, പൊതുജനങ്ങൾക്കും ഇവ നൽകി.

 സാനിറ്റൈസറുകൾ ലഭ്യമാക്കും

റീജിയണൽ ഡ്രഗ് കൺട്രോൾ ഓഫീസുമായി ബന്ധപ്പെട്ട് കോർപറേഷന്റെ വിവിധ ഓഫീസുകളിലും ക്ലിനിക്കുകളിലും ലഭ്യമാക്കാനായി ഹാന്റ് സാനിറ്ററൈസർ നിർമ്മിക്കുന്നുണ്ട്. 500 ലിറ്റർ ഹാന്റ് സാനിറ്ററൈസർ ഉടൻ ലഭ്യമാകും.