കൽപ്പറ്റ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ സന്ദർശകരെ നിയന്ത്രിക്കുന്നതിന് നിർദ്ദേശം. ഔദ്യോഗിക കാര്യങ്ങൾക്ക് അത്യാവശ്യ സന്ദർശകരെ ബന്ധപ്പെട്ട ഓഫീസറുടെ നിർദ്ദേശാനുസരണം കയറ്റിവിടും. സന്ദർശകരെ പരിശോധിക്കുന്നതിന് തെർമൽ സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഒരുക്കാനും നിർദ്ദേശമുണ്ട്.
ഉദ്യോഗസ്ഥർ അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകൾ ഒഴിവാക്കണം. അടിയന്തര സ്വഭാവമില്ലാത്ത യോഗങ്ങൾ ഒഴിവാക്കണം. ജീവനക്കാർ കൂടിച്ചേരുന്ന പരിപാടികൾ നിർബന്ധമായും ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ജീവനക്കാരും പൊതുജനങ്ങളും പതിവായി സ്പർശിക്കാനിടയുള്ള സ്ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. പ്രായമേറിയ ജീവനക്കാർ, ഗർഭിണികൾ, മറ്റ് അസുഖമുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. അവരെ പൊതുജനങ്ങളുമായി ഇടപെടേണ്ട ജോലികളിൽ നിന്ന് ഒഴിവാക്കും. ഓഫീസുകളിലെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കരുത്
കൊറോണ പകരുന്നത് തടയുന്നതിനുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായി കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ മാലെ മഹാദേശ്വര കുന്നുകളിൽ നടക്കുന്ന ഉഗഡി യാത്രയ്ക്കും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനും അന്യജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കരുതെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടതിനാൽ ജില്ലയിൽ നിന്നുള്ളവർ ഈ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുകയോ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കുടക് യാത്രയ്ക്ക് നിയന്ത്രണം
മതിയായ കാരണങ്ങളില്ലാത്ത കുടക് യാത്ര തടയും
കർണ്ണാടകയിലെ കുടക് ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രത്യേകിച്ച് കുടക് ജില്ലയിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കുടകിൽ ജോലി ചെയ്യുന്നവർ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടേയ്ക്ക് പോകാൻ പാടില്ല. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ പ്രത്യേക ശ്രദ്ധ ചെലുത്തണം.
അത്യാവശ്യമായി നാട്ടിലേക്ക് തിരിച്ചു വരേണണ്ടവർ മാത്രമെ ഈ പ്രദേശത്ത് നിന്ന് കേരളത്തിലേക്ക് വരാൻ പാടുള്ളു. ഇങ്ങനെ വരുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കും. പനിയോ കോവിഡ് 19 ന്റെ ലക്ഷണങ്ങളോ കണ്ടാൽ നിരീക്ഷണത്തിലാക്കും. മതിയായ കാരണങ്ങളില്ലാതെ കുടക് ജില്ലയിലേക്ക് പോകുന്ന വയനാട്ടുകാരായ യാത്രക്കാരെ ചെക്ക് പോസ്റ്റിൽ നിന്ന് തിരിച്ചയയ്ക്കും. ഇതിനായി ബാവലി, തോൽപ്പെട്ടി ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ ചുമതലയ്ക്ക് രണ്ട് തഹസിൽദാർമാരെ നിയമിച്ചിട്ടുണ്ട്.