മാനന്തവാടി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി പൊലീസും മാനന്തവാടി ജനമൈത്രി പൊലീസും ചേർന്ന് ബസ് സ്റ്റാൻഡും വാഹനങ്ങളും അണുവിമുക്തമാക്കി. ലൈസോൾ, ബ്ലീച്ചിങ് പൗഡർ എന്നിവയുപയോഗിച്ച് ബസ് സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണ് അണുവിമുക്തമാക്കിയത്. ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രോഗം തടയുന്നതിന് സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ജനങ്ങൾക്കും ബസ് ജീവനക്കാർക്കും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ബോധവത്കരണം നൽകി. മാനന്തവാടി സി.ഐ. എം.എം. അബ്ദുൾകരീം, എ.എസ്.ഐ. കെ.മോഹൻദാസ്, മാനന്തവാടി ജനമൈത്രി പൊലീസ് ഡബ്ല്യു.എസ്.സി.പി.ഒ. ടി.കെ.ദീപ, കമ്യൂണിറ്റി റിലേഷൻ ഓഫീസർ ടി.രാജീവ് കുമാർ, എസ്.സി.പി.ഒ. കെ.അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പുല്പള്ളി, തൊണ്ടർനാട് സ്റ്റേഷനുകളിലെ ജനമൈത്രി പൊലീസുകാരും പരിപാടിയിൽ പങ്കാളികളായി.