taxi

കോഴിക്കോട് : എയർപോർട്ടിൽ നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് നിർദ്ദേശം. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണിതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു വ്യക്തമാക്കി.

രോഗാണുവാഹകരാകാൻ സാദ്ധ്യതയുള്ളവർ പൊതുജനങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ടാക്‌സി ഡ്രൈവർമാരുടെ അസോസിയേഷൻ പ്രതിനിധികളുമായി കളക്ടറേറ്റിൽ ഒരുക്കിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയർപോർട്ടിൽ നിന്നുള്ള യാത്രക്കാർ ആവശ്യപ്പെട്ടാലും അവരെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ഇറക്കരുത്. വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഹോട്ടലിലോ ഷോപ്പിങ് മാളിലോ ഇറക്കാനും പാടില്ല. എയർപോർട്ടിൽനിന്നുള്ള യാത്രക്കാർ കയറിയാലുടൻ അവരുടെ പേരും വിലാസവും ഫോൺ നമ്പറും ചോദിച്ചു വാങ്ങി കലക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൽ അറിയിക്കണം. ഇതിനായി ജില്ലയിലെ ടാക്‌സി ഡ്രൈവർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും കലക്ടർ നിർദ്ദേശിച്ചു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശം നൽകിക്കഴിഞ്ഞതായും ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ യോഗം ഉടനടി വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാസ്‌ക് ധരിക്കുക, വാഹനത്തിൽ എ.സി. പ്രവർത്തിപ്പിക്കാതിരിക്കുക, ജനൽച്ചില്ലുകൾ താഴ്ത്തിവെക്കുക തുടങ്ങി ടാക്‌സി ഡ്രൈവർമാർക്ക് നേരത്തെ നൽകിയ പ്രതിരോധ നടപടികൾ കർശനമായി പാലിക്കാനും നിർദ്ദേശിച്ചു. ജില്ലയിലെ ടാക്‌സി ഡ്രൈവർമാരുടെ അസോസിയേഷൻ പ്രതിനിധികൾ, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.