corona

കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഗൃഹസന്ദർശന ടീം ആശ്വാസമാകുന്നു. ഇവർക്ക് വ്യക്തമായ മാർഗ നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നൽകിയത്. നിരീക്ഷണത്തിലുള്ളവരോട് 21 ചോദ്യങ്ങളാണ് ടീം ചോദിക്കുന്നത്. വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം മാനസിക പിന്തുണയും ആവശ്യമെങ്കിൽ ബോധവത്കരണവും നൽകും.

ഇവർ നിർബന്ധമായും മൂന്ന് ലെയർ മാസ്‌കുകൾ ധരിച്ചിരിക്കണം. ആളുകളെ സന്ദർശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വെള്ളവും സോപ്പുമുപയോഗിച്ച് വൃത്തിയാക്കണം. നിരീക്ഷണത്തിലുള്ള വ്യക്തികൾ എന്തെങ്കിലും മാനസിക വിഷമതകളോ ലക്ഷണങ്ങളോ സാമൂഹികമായ ഒറ്റപ്പെടലോ അനുഭവിക്കുന്നുണ്ടെങ്കിൽ ഗൃഹസന്ദർശന ടീം ഔദ്യോഗികതലത്തിൽ അറിയിക്കും. ജില്ലയിൽ വാർഡ് തല ജാഗ്രത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം ം. വാർഡ് അംഗം, ആരോഗ്യ, ആശ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് വാർഡ്തല കമ്മിറ്റി.

നിർദ്ദേശങ്ങൾ

 വ്യക്തികളുമായി ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കണം

 കൈകൾ മുഖത്ത് സ്‌പർശിക്കാതിരിക്കുക

 മാന്യതയോടെയും ആത്മവിശ്വാസം നൽകുന്ന രീതിയിലും ഇടപെടുക

 വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കണം

 ഇത് സംബന്ധിച്ച് വ്യക്തികൾക്ക് ഉറപ്പു കൊടുക്കണം

 മേലധികാരികൾക്ക് ഓരോ വ്യക്തികളുടെയും വിവരം കൈമാറണം

 വ്യക്തികളുടെ മുറിയിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം

 പ്രത്യേകം പാത്രങ്ങൾ, ശൗചാലയം, വസ്ത്രങ്ങൾ എന്നിവ ഉറപ്പാക്കണം

 മുറിയിൽ വായുസഞ്ചാരമുണ്ടെന്നും എ.സി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം

 പോഷകസമൃദ്ധമായ ആഹാരം വ്യക്തിക്ക് ലഭ്യമാക്കണം

 മുറി വിട്ട് പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കണം