കുറ്റ്യാടി : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് പുതിയ സാമ്പത്തിക വർഷത്തേക്ക് 95. 60 കോടി രൂപ വരവും 95. 57 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്.

വൈസ് പ്രസിഡന്റ് സി.കെ.വിജയി അവതരിപ്പിച്ച ബഡ്‌ജറ്റിൽ ഭവനപദ്ധതിയ്ക്കും പശ്ചാത്തല മേഖലയ്ക്കും കാർഷിക മേഖലയ്ക്കും കാര്യമായ ഊന്നൽ നൽകുന്നുണ്ട്. യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷനായിരുന്നു.

കാർഷിക മേഖലയിൽ നെൽകൃഷിക്ക് കൂലി ചെലവ് നൽകുന്നതിനായി 7. 95 ലക്ഷം രൂപയും തരിശ് നിലങ്ങളിൽ പച്ചക്കറി കൃഷിക്കായി 4. 20 ലക്ഷം രൂപയും ക്ഷീര വികസന മേഖലയിൽ പാലിന് സബ്സിഡി നൽകുന്നതിനായി 31 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയ്ക്കായി 15. 35 ലക്ഷം രൂപയും വകയിരുത്തി. കറവപ്പശു ഇൻഷുറൻസ് പദ്ധതിയ്ക്ക് രണ്ട് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

തുണിസഞ്ചി ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതിനായി എം.ആർ.എഫ് കേന്ദ്രത്തിലെ ഹരിതസേനാംഗങ്ങളെ ഉൾപ്പെടുത്തി തുണിസഞ്ചി നിർമ്മാണ പ്രൊജക്ട് നടപ്പാക്കും. ഇതിനായി 1,50,000 രൂപ വകയിരുത്തി. തടയണ നിർമ്മാണത്തിനും പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനുമായി 33 ലക്ഷം രൂപയും വിനിയോഗിക്കും. ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായുള്ള ക്ഷേമപദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്.

ലൈഫ് ഭവന പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ നവീകരണം, ഐ സി.ഡി എസ് ഓഫീസ് നവീകരണം എന്നിവയ്ക്കും ബഡ്‌ജറ്റിൽ തുക വകയിരുത്തി.