kkkk

പെരിന്തൽമണ്ണ: 'കൊറോണ പടരുന്നത് തടയാൻ പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ട പിന്തുണ അഭ്യർത്ഥിക്കുന്നു. ഉപരോധം അവസാനിച്ചതായി പ്രഖ്യാപിക്കുന്നു'. പ്രാസംഗികൻ പറഞ്ഞു നാവെടുക്കും മുമ്പേ ചുറ്റും കൂടിയവർ നേരെ ഓടിയത് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിലേക്ക്. ഈ വീഡിയോ സോഷ്യൽമീഡിയാ ലോകത്ത് വൈറലായി. കൊറോണയുടെ പശ്ചാത്തലത്തിൽ മദ്യഷാപ്പുകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി ബിവറേജസ് കോർപ്പറേഷന്റെ പെരിന്തൽമണ്ണയിലെ ചില്ലറ വിൽപ്പന കേന്ദ്രത്തിന് മുന്നിൽ നടത്തിയ ഉപരോധത്തോട് അനുബന്ധിച്ചാണ് ഈ ദൃശ്യങ്ങൾ. സമരം നീണ്ടതോടെ മദ്യം വാങ്ങാനെത്തിയവർക്ക് ക്ഷമ കെട്ടു. മറ്റു വഴികളില്ലാത്തതിനാൽ ഉപരോധക്കാരുടെ പ്രസംഗം കേൾക്കേണ്ടിയും വന്നു. മദ്യഷാപ്പുകൾക്ക് മുന്നിലെ നീണ്ട ക്യൂ കൊറോണയുടെ സാമൂഹ്യ വ്യാപനത്തിന് വഴിതെളിക്കുമെന്നായിരുന്നു പ്രാസംഗികരെല്ലാം ഉദ്ബോധിപ്പിച്ചത്. സർക്കാർ നിലപാടിനെയും രൂക്ഷമായി വിമർശിച്ചു. നന്ദി പ്രസംഗം നടത്തിയയാൾ ജയ് ഹിന്ദ് വിളിച്ചപ്പോൾ കൂടെ വിളിക്കാനും കൈകൊടുക്കാനും മദ്യം വാങ്ങാനെത്തിയവർ മറന്നില്ല. ഉപരോധം തീർന്നെന്നു പ്രഖ്യാപിച്ചതും മത്സരഓട്ടമായിരുന്നു , ഔട്ട്ലെറ്റിന്റെ കൗണ്ടറിലേക്ക്.