മാനന്തവാടി: മദ്ധ്യവയസ്‌കനെ സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ എസ്.ഐ ക്കും എ.എസ്.ഐ ക്കുമെതിരെ കോടതി കേസെടുത്തു. തലപ്പുഴ എസ്.ഐ ജിമ്മിക്കും എ.എസ്.ഐ.ആയിരുന്ന സുരേഷ് ബാബുവിനുമെതിരെയാണ് മാനന്തവാടി ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസ്സ് കോടതി (ഒന്ന്) കേസെടുത്തത്.
ഏപ്രിൽ 4 ന് കോടതിയിൽ ഹാജരാവാൻ ഇവർക്ക് നിർദ്ദേശം നൽകി.
കേളകം സ്വദേശിയായ വള്ളാംകോട്ടയിൽ മനോജ് ജോസഫ് നൽകിയ സ്വകാര്യ അന്യായത്തിലാണ് എസ്.ഐ.യും എ.എസ്.ഐയും ഒന്നും രണ്ടും പ്രതികളായി കോടതി കേസ് എടുത്തത്.
2019 ഏപ്രിൽ 4 നാണ് കേസിനാസ്പദമായ സംഭവം. മനോജ് ഓടിച്ചിരുന്ന ടിപ്പർ തവിഞ്ഞാൽ 44 ൽ വെച്ച് ഒരു ബൈക്ക് യാത്രക്കാരനെ തട്ടി എന്ന കാരണംപറത്ത് മനോജിനോട് തലപ്പുഴ സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചിരുന്നു. മനോജ് സ്റ്റേഷനിലെത്തിയ മനോജ് തന്റെ വാഹനമല്ല ബൈക്കിലിടിച്ചതെന്ന് പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് നഷ്ടപരിഹാരം നൽകാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ എസ്.ഐ.യും എ.എസ്.ഐ.യും ചേർന്ന് മർദ്ദിച്ചതായി ആരോപിച്ചായിരുന്നു സ്വകാര്യ അന്യായം.