രാമനാട്ടുകര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള 'ബ്രേക്ക് ദി ചെയിൻ" ക്യാമ്പയിന്റെ ഭാഗമായി ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോഴും രാമനാട്ടുകര ബസ് സ്റ്റാൻഡിലെ സ്ഥിരം സംവിധാനം നോക്കുകുത്തിയായിട്ട് മാസങ്ങൾ.
യാത്രക്കാർ ബസ് കാത്തു നിൽക്കുന്നിടത്തിന് സമീപമാണ് പൈപ്പും,വാഷ് ബേസിനുമുള്ളത്. സാമൂഹ്യ വിരുദ്ധർ പൊട്ടിച്ച പൈപ്പ് അധികൃതർ ഇത് വരെ പുനഃസ്ഥാപിച്ചിട്ടില്ല. വാഷ് ബേസിൻ കടലാസുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞ നിലയിലാണ്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ആദ്യ സ്റ്റാൻഡാണ് രാമനാട്ടുകരയിലേത്.
ഇവിടത്തെ അറ്റകുറ്റപ്പണികൾ സ്റ്റാൻഡ് നടത്തിപ്പുകാർ ചെയ്യണമെന്നാണ് കരാർ. സ്റ്റാൻഡിൽ തന്നെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ദുബായ് ഗോൾഡ് സ്ഥാപിച്ച കൈ കഴുകൽ സംവിധാനമുണ്ട്. ഇതാണ് യാത്രക്കാർ ഇപ്പോൾ ആശ്വാസമാകുന്നത്. വൈകിട്ടത്തോടെ ഇതിലെ വെള്ളവും തീരുന്നുണ്ടെന്നാണ് യാത്രക്കാരുടെ പരാതി.