മാനന്തവാടി: ഡി.എം.ഒ ഓഫീസ് മാനന്തവാടിയിൽനിന്ന് കൽപ്പറ്റയിലേക്ക് മാറ്റാൻ നിർദ്ദേശം. കൊറോണയുടെ പാശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തനം കൽപ്പറ്റയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ദുരന്തനിവാരണ സേന ചെയർമാൻ കൂടിയായ ജില്ലാ കലക്ടറാണ് മാനന്തവാടി നിന്ന് ഡി.എം.ഒ. ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ല. മൂന്ന് വർഷം മുൻപ് ഡി.എം.ഒ. ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രതിഷേധത്തെതുടർന്ന് ഓഫീസ് മാറ്റുന്നത് തൽക്കാലം നിർത്തിവെക്കുകയായിരുന്നു.

ഡി.എം.ഒ. ഓഫീസ് കൽപ്പറ്റയ്ക്ക് മാറ്റണമെന്ന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം ഇതുവരെ പിൻവലിച്ചിട്ടുമില്ല.

അതേസമയം ഡി.എം.ഒ.ഓഫീസ് മാറ്റിയില്ലെങ്കിലും ഓഫീസിന് കീഴിലുള്ള ഏഴോളം വിങ്ങുകൾ ഘട്ടംഘട്ടമായി കൽപ്പറ്റയിലേക്ക് മാറ്റുകയും ചെയ്തു.
ഇപ്പോൾ ഡി.എം.ഒ.ഓഫീസ് മാത്രമാണ് മാനന്തവാടിയിൽ പ്രവർത്തിക്കുന്നത്. 2018 ജനുവരി 11ന് ഡി.എം.ഒ. ഓഫീസിന് കീഴിലെ ആർ.സി.എച്ച് വിങ്ങ് കൽപ്പറ്റയിലേക്ക് മാറ്റി ഡി.എം.ഒ.ഉത്തരവ് ഇറക്കുകയും മാസങ്ങൾക്കുള്ളിൽ മാറ്റുകയും ചെയ്തിരുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ ആർ.സി.എച്ച് വിഭാഗം പ്രവർത്തിക്കുന്നതെന്ന് ആർ.സി.എച്ച് ഓഫീസറിൽ നിന്ന് വിശദീകരണം ലഭിച്ചതിന്റെ
അടിസ്ഥാനത്തിലാണ് വിങ് കൽപ്പറ്റ ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിലേക്ക് മാറ്റിയത്.

ജില്ലാ മെഡിക്കൽ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റുന്നതിന്റെ ആദ്യപടിയായാണ് ആർ.സി.എച്ച് വിഭാഗം മാറ്റുന്നതെന്ന് അന്ന് ആരോപണമുയർന്നിരുന്നു.